കവിത പോലൊരു വീട്‌


തൊടുപുഴ: കുട്ടിക്കാലത്ത്‌ കേട്ട കഥകളും കണ്ട ചിത്രങ്ങളും വീട്ടുമുറ്റത്ത്‌ പുനരാവിഷ്‌കരിച്ചിരിക്കുകയാണ്‌ ഇവിടെ ഈ കലാകാരന്‍. വണ്ടമറ്റം പന്തക്കല്‍ ജോണ്‍സനാണ്‌ (നിറക്കൂട്ട്‌ ജോണ്‍സണ്‍) തന്റെ സ്വപ്‌നഭവനത്തിന്‌ ഭാവനയുടെ പൂര്‍ണതയേകിയത്‌. ആരംഭം മുതല്‍ ഭാവനകള്‍ക്ക്‌ അനുസരിച്ചായിരുന്നു നിര്‍മാണം.ഫൈന്‍ ആര്‍ട്‌സ്‌ കോളജില്‍ നിന്ന്‌ ചിത്രകല അഭ്യസിച്ച ജോണ്‍സണ്‍ ഒരു ചിത്രകാരന്റെ വീട്‌ എത്രമാത്രം വ്യത്യസ്‌തമായിരിക്കുമെന്ന്‌ കാട്ടിത്തരുന്നു. ഏദന്‍ തോട്ടത്തിലേക്കുള്ള വാതില്‍ നടന്നു കയറുകയാണെന്ന്‌ തോന്നിപ്പിക്കുന്ന രീതിയിലാണ്‌ വീടിന്റെ ഗേറ്റ്‌ നിര്‍മിച്ചിരിക്കുന്നത്‌. ഇരു വശത്തും അതീവ സുന്ദരമായി ആദാമിന്റേയും ഹൗവ്വയുടെയും രൂപങ്ങള്‍, ജീവജാലങ്ങള്‍, പഴങ്ങള്‍, പാമ്പ്‌, മരം, കിളികള്‍ എല്ലാം കൂടി നമ്മളെ മറ്റൊരു ലോകത്തേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകും. നിറങ്ങള്‍ പോലും വളരെ സൂക്ഷ്‌മമായ ദര്‍ശനത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഉല്‍പ്പത്തി പുസ്‌തകങ്ങളും 2ാം അധ്യായം 5 മുതല്‍ 13 വരെയുള്ള ഭാഗങ്ങളെകൂടി ഉള്‍ക്കൊണ്ടാണ്‌ ഡിസൈന്‍ എന്ന്‌ ജോണ്‍സണ്‍ പറയുന്നു.

2700 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ചിരിക്കുന്ന വീടിന്റെ സുന്ദരമായ പൂമുഖത്ത്‌ നില്‍ക്കുമ്പോള്‍ തന്നെ തിരുഹൃദയത്തിന്റെ രൂപം കാണാം. ഇവിടെ മാത്രം വാസ്‌തു ശാസ്‌ത്രത്തെ ഖണ്ഡിച്ചിട്ടുണ്ട്‌. തച്ചുശാസ്‌ത്ര പ്രകാരം കിഴക്കുനിന്ന്‌ പടിഞ്ഞാറോട്ടാണ്‌ ദര്‍ശനം. എന്നാല്‍ തെക്ക്‌ നിന്നു വടക്കോട്ടാക്കിയാണ്‌ തിരുഹൃദയം സ്‌ഥാപിച്ചിട്ടുള്ളത്‌. വീട്ടിലേക്കു പ്രവേശിക്കുമ്പോള്‍ ഈശ്വരനെ കണ്ടുകൊണ്ടാകണമെന്ന നിര്‍ബന്ധമായിരുന്നു ഇതിനു കാരണം. വീട്ടിലെ ഏറ്റവും ഇഷ്‌ടപ്പെട്ട ഇടം ഏതാണെന്നു ചോദിച്ചാല്‍ ജോണ്‍സണ്‍ പറയും മുകളിലത്തെ മട്ടുപ്പാവാണെന്ന്‌. വീടിന്റെ മുന്‍വശവും സുന്ദരമായ ഉദ്യാനവും വീട്ടിലേക്ക്‌ വരുന്നവരെയുമെല്ലാം കാണാനും പറ്റിയ സ്‌ഥലമാണിത്‌. കാഴ്‌ചയുടെ വ്യത്യസ്‌ത മാനങ്ങള്‍ സാധാണയായി എല്ലാവരും ചെയ്യുന്നത്‌ വീടിന്റെ മുകള്‍ വശം ഷേഡ്‌ ഉണ്ടാക്കുകയാണ്‌. എന്നാല്‍ ബുദ്ധിപരമായി ചിന്തിച്ച്‌ ഉപയോഗിച്ചപ്പോള്‍ ഉണ്ടായ വ്യത്യാസം വലുതായിരുന്നു. സാധാരണയില്‍ നിന്നും കുറച്ച്‌ കൂടി ഉയരത്തില്‍ കട്ടകെട്ടി ഷെഡ്‌ നിര്‍മിച്ചപ്പോള്‍ പാര്‍ട്ടി ഹാള്‍ മുതല്‍ തന്റെ വര്‍ക്ക്‌ സ്‌പേസ്‌ ആയി വരെ ആവശ്യാനുസരണം ക്രമീകരിക്കാന്‍ കഴിയുമെന്ന്‌ ജോണ്‍സണ്‍ കാട്ടിത്തരുന്നു. ഒരു നില മാത്രമുള്ള വീടിനെ പുറത്ത്‌ നിന്ന്‌ മൂന്നു നില വരെ ഉണ്ടെന്നു തോന്നിപ്പിക്കുന്നതാണ്‌ മറ്റൊരു പ്രത്യേകത. പന്തക്കല്‍ വീടിന്റെ പടിക്കെട്ടിറങ്ങിയാല്‍ വിശാലമായ ഉദ്യാനത്തിന്‌ നടുവില്‍ ഒരു കഥക്കിണര്‍ കാണാം. ബൈബിളിലെ ചില നല്ല കഥകള്‍ ഇതു പറഞ്ഞുതരും. ഇത്‌ കിണറാണെന്ന്‌ ഒറ്റനോട്ടത്തില്‍ മനസിലാകുകയുമില്ല.