അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കാനാവില്ലെന്ന് കേന്ദ്രം

 അശ്ലീല വെബ്‌സൈറ്റുകള്‍ എല്ലാം നിരോധിക്കാനാവില്ലെന്ന് കേന്ദ്രം. ഇത്തരം സൈറ്റുകള്‍ നിരോധിച്ചാല്‍ ഇന്റര്‍നെറ്റിലെ സാഹിത്യ സൃഷ്ടികളടക്കമുള്ള ഉള്ളടക്കങ്ങള്‍ക്ക് ദൂര വ്യാപക പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
പോണോഗ്രാഫിക് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാവുന്ന സോഫ്റ്റ് വെയര്‍ എല്ലാ കംപ്യൂട്ടറുകളിലും ഉള്‍പ്പെടുത്തണമെന്നും കംപ്യൂട്ടര്‍ നിര്‍മാതാക്കള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ഇത്തരം സൈറ്റുകള്‍ നിരോധിക്കുമ്പോള്‍ അശ്ലീല വാക്കുകളോട് സാമ്യമുള്ള മറ്റു ഉള്ളടക്കങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകില്ല. അങ്ങനെ വന്നാല്‍ സാഹിത്യ ഉള്ളടക്കങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും കേന്ദ്രം അറിയിച്ചു.
സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡോറിലെ അഭിഭാഷകന്‍ കമലേഷ് വശ്വനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേസ് ജസ്റ്റീസ് ബിഎസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി വിശ്വനാഥനാണ് ഇക്കാര്യം ബോധിപ്പിച്ചത്.
ഇന്റര്‍നെറ്റ് ഉപയോഗത്തിന് വേണ്ടത്ര നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ജനങ്ങളെ അശ്ലീല സൈറ്റുളിലേക്ക് അടുപ്പിക്കുന്നതായും ഏകദേളം 20 കോടിയിലേറെ പോണോഗ്രാഫിക് സൈറ്റുകള്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കുട്ടികളടക്കമുള്ളവര്‍ ഇത് കാണുന്നത് സമൂഹത്തിനും നാടിന്റെ ക്രമസമാധാനത്തിനും ഭീഷണിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ അശ്ലീല സൈറ്റുകള്‍ക്ക് പങ്കുണ്ടെന്നും ചെറിയ കുട്ടികള്‍ വരെ പീഡനത്തിനിരയാകുന്നത് ഉത്കണ്ഠ ജനിപ്പിക്കുന്നതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതില്‍ നിലപാട് ആരാഞ്ഞ് സുപ്രീം കോടതി കഴിഞ്ഞ നവംബറില്‍ കേന്ദ്ര ടെലകോം മന്ത്രാലയത്തിന് നോട്ടീസയച്ചിരുന്നു.