വോട്ടെണ്ണലിന് ഇനി 12 ദിവസം; നെഞ്ചിടിപ്പോടെ ഇടുക്കി
Posted by
melukavu-live
| at 09:10
0
comments
Labels :
തൊടുപുഴ . ലോക്സഭയിലേക്കു വണ്ടികയറാന്‍ ആര്‍ക്കാണ് ഇടുക്കി ടിക്കറ്റ് കരുതിവച്ചതെന്നു 16ന് അറിയാം. ഒരുമാസം കാത്തിരിപ്പു കഴിഞ്ഞു. ഇനിയുള്ളത് 12 ദിവസം മാത്രം. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണുന്നത് പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ്. വോട്ടുകള്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമും ഇവിടെയാണ്. 16ന് നടക്കുന്ന വോട്ടെണ്ണലിനായി 500 ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി തയാറാക്കിയിട്ടുള്ള ഉദ്യോഗസ്ഥപ്പട്ടികയില്‍ നിന്നും കംപ്യൂട്ടര്‍ സഹായത്തോടെയാണ് വോട്ടെണ്ണലിനുള്ളവരെ തിരഞ്ഞെടുത്തത്.
1145 ബൂത്തുകളില്‍ നിന്നുള്ള വോട്ടിങ് യന്ത്രങ്ങള്‍ പോളിങ് ദിനമായ ഏപ്രില്‍ പത്തിന് രാത്രിതന്നെ പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ എത്തിച്ചിരുന്നു. 24 മണിക്കൂറും സായുധപോലീസിന്റെ കാവലിലാണ് സ്ട്രോങ് റൂം. അഗ്നിശമനസേനാ വിഭാഗത്തിന്റെ യൂണിറ്റും വോട്ടെണ്ണല്‍ കേന്ദ്രത്തിലുണ്ട്. വോട്ടെണ്ണല്‍ പ്രക്രിയ നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. ഓരോ മണ്ഡലത്തിനും 14 വോട്ടെണ്ണല്‍ മേശ സജീകരിക്കും. ഒരു റൌണ്ടില്‍ 14 ബൂത്തിലെ വോട്ടുകള്‍ എണ്ണുകയാണു ലക്ഷ്യം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറാണ് വോട്ടെണ്ണലിനു നേതൃത്വം നല്‍കുക. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിരീക്ഷകരും വോട്ടെണ്ണലിനെത്തും. വോട്ടെണ്ണല്‍ നിരീക്ഷിക്കാന്‍ സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്കു
പാസ് നല്‍കും.
വോട്ടെണ്ണല്‍ ഓരോ റൌണ്ട് കഴിയുമ്പോഴും പ്രത്യേക സോഫ്റ്റ്വെയര്‍ മുഖേന ലീഡ് നില ലഭ്യമാക്കും. സര്‍വീസ്, തപാല്‍ വോട്ടുകള്‍ പ്രത്യേകമായി എണ്ണും. തപാല്‍ വഴിയാണ് വോട്ടു രേഖപ്പെടുത്തി അയയ്ക്കേണ്ടത്. 16ന് രാവിലെ എട്ടുവരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ സ്വീകരിക്കും. മൂന്നുമണിക്കൂര്‍ കൊണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കാനാകുമെന്ന പ്രതീക്ഷയാണു ജില്ലാ ഭരണകൂടത്തിനുള്ളത്. പരിശീലനം അടുത്തയാഴ്ച നിയമന ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. അടുത്തയാഴ്ച വോട്ടെണ്ണല്‍ സംബന്ധിച്ച് പരിശീലനം നല്‍കും. വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നാണ് രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം ലഭിക്കുക. വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയ ബാലറ്റ് യൂണിറ്റ് വോട്ടെണ്ണലിന് ആവശ്യമില്ല.
പോളിങ് സ്റ്റേഷനില്‍ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ 17 സി റജിസ്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റിനൊപ്പം വോട്ടെണ്ണല്‍ മേശയില്‍ പരിശോധിക്കും. വോട്ടെണ്ണലിനു മുമ്പായി കൌണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ സീലുകള്‍ പരിശോധിക്കും. അതിനുമുമ്പായി കണ്‍ട്രോള്‍ യൂണിറ്റ് സൂക്ഷിച്ചിട്ടുള്ള വലിയപെട്ടിയുടെ പേപ്പര്‍ സീലുകളും സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കും. ഓരോടേബിളിലും കൌണ്ടിങ് സൂപ്പര്‍വൈസര്‍ക്കു പുറമേ ഓരോ കൌണ്ടിങ് അസിസ്റ്റന്റിനെയും നിയോഗിക്കും. ടേബിളുകള്‍ കേന്ദ്രീകരിച്ച് മൈക്രോ നിരീക്ഷകരെയും നിയമിക്കും. തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനു പ്രത്യേകമേശ ക്രമീകരിക്കും. തപാല്‍ വോട്ടടങ്ങുന്ന 13 സി നമ്പര്‍ കവര്‍ ഒന്നൊന്നായി തുറന്ന് അതിലുള്ള ബാലറ്റ് പേപ്പര്‍ അടങ്ങുന്ന 13 ബി നമ്പര്‍ കവറും 13 എ നമ്പര്‍ സത്യവാങ്മൂലവും പരിശോധിക്കും.
സത്യവാങ്മൂലം ഇല്ലെങ്കിലോ അതില്‍ സമ്മതിദായകന്റെ ഒപ്പില്ലെങ്കിലോ യോഗ്യതയുള്ള ഉദ്യോഗസ്ഥന്റെ മുദ്ര കൂടിയ സാക്ഷ്യപ്പെടുത്തല്‍ ഇല്ലെങ്കിലോ ഉള്ളിലെ കവറിലും സത്യവാങ്മൂലത്തിലുമുള്ള ബാലറ്റ് പേപ്പര്‍ സീരിയല്‍ നമ്പര്‍ വ്യത്യസ്ഥമാണെങ്കിലോ പോസ്റ്റല്‍ വോട്ട് അസാധുവാകും. ഇത്തരം ബാലറ്റുകള്‍ പ്രത്യേക കവറുകളില്‍ സൂക്ഷിക്കും. പോസ്റ്റല്‍ ബാലറ്റ് സാധുവാകുന്നുവെങ്കില്‍ അവയുടെ സത്യവാങ്മൂലം പരിശോധിച്ച് സീല്‍ ചെയ്ത് പ്രത്യേകം സൂക്ഷിക്കും. തുടര്‍ന്ന് ഉള്ളിലെ കവര്‍ തുറന്ന് ബാലറ്റ് പുറത്തെടുത്തു തരംതിരിച്ച് വിലയിരുത്തും. വ്യക്തമാകുന്ന ഏതെങ്കിലും അടയാളം ഒരു സ്ഥാനാര്‍ഥിയുടെ കോളത്തില്‍ രേഖപ്പെടുത്തിയാല്‍ ആ വോട്ട് സാധുവാണ്.
ഒന്നിലധികം കോളത്തില്‍ വോട്ട് രേഖപ്പെടുത്തിയാലോ ബാലറ്റ് പേപ്പറിന് സാരമായ രീതിയില്‍ കേടു വന്നിട്ടുണ്ടെങ്കിലോ 13 ബി കവറില്‍ അല്ലാതെ ബാലറ്റ് അടക്കം ചെയ്താലോ വോട്ടറെ തിരിച്ചറിയുന്ന ഏതെങ്കിലും അടയാളമോ എഴുത്തോ ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയാലോ വോട്ട് അസാധുവാകും. തപാല്‍ വോട്ട് എണ്ണി പൂര്‍ത്തിയാകുന്നതിനു മുമ്പ് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്തില്ല.
ഏതെങ്കിലും കാരണവശാല്‍ വിജയം തപാല്‍ വോട്ടിന്റെ എണ്ണത്തെ ആശ്രയിച്ചാണെങ്കില്‍ തപാല്‍ വോട്ടുകളുടെ പുനഃപരിശോധനയ്ക്കും വ്യവസ്ഥയുണ്ട്.
എന്തു ചെയ്യുന്നു, നമ്മുടെ സ്ഥാനാര്‍ഥികള്‍
വോട്ടെടുപ്പിനുശേഷം ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ തന്നെയുണ്ടായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. രണ്ടുതവണ തിരുവനന്തപുരത്തു പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയി. വിശ്രമിക്കാനൊന്നും ഇതുവരെ സമയംകിട്ടിയില്ലെന്നു ഡീന്‍. വോട്ടെടുപ്പിനുശേഷം കേസ് ഫയലുകളുടെ ലോകത്തേക്കു മടങ്ങിയെന്ന് ഇടതു സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജ്.
വേളാങ്കണ്ണിയില്‍ പോയി പ്രാര്‍ഥിച്ചു. കസ്തൂരിരംഗന്‍ വിഷയത്തില്‍ ഹരിത ട്രൈബ്യൂണലിനു മുന്‍പാകെയുള്ള കേസുമായി ബന്ധപ്പെട്ട് ഒരുതവണ ഡല്‍ഹിക്കു പോയെന്നും ജോയ്സ് പറഞ്ഞു. വോട്ടെടുപ്പു കഴിഞ്ഞശേഷം ഒരുതവണ കേസിന്റെ ആവശ്യത്തിനായി കൊളംബോയ്ക്കു പോയെന്നു ബിജെപി സ്ഥാനാര്‍ഥി സാബു വര്‍ഗീസ്. ഒരുതവണകൂടി അവിടെ പോകും. മറ്റു ദിവസങ്ങളിലെല്ലാം പാര്‍ട്ടി യോഗങ്ങളുടെ തിരക്കിലായിരുന്നെന്നും സാബു പറഞ്ഞു.
Subscribe to:
Post Comments (Atom)


