'കാറ്റടിച്ച്' കെഎസ്ഇബിക്ക് കോടികളുടെ നഷടം

കോട്ടയം . മഴയും കാറ്റും മൂലം ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ കെഎസ്ഇബിക്ക് കോടിക്കണക്കിനു രൂപയുടെ നഷടമുണ്ടായതായി റിപ്പോര്‍ട്ട്. ജില്ലയിലെ പള്ളം, ചങ്ങനാശേരി, വൈക്കം, പാലാ, പൊന്‍കുന്നം എന്നി വൈദ്യുതി ഡിവിഷനുകളിലാണു നഷ്ടത്തിന്റെ കാറ്റു വീശിയത്. ഇതില്‍ കെഎസ്ഇബി പാലാ, വൈക്കം ഡിവിഷനുകളില്‍ മാത്രം പ്രാഥമിക കണക്കുകള്‍ പ്രകാരം നഷ്ടം 90 ലക്ഷത്തിലധികമാണ്. പാലാ ഡിവിഷന്‍ പരിധിയില്‍ 200 സാധാരണ (എല്‍ടി)പോസ്റ്റുകളും 70 പതിനൊന്നു കെവി പോസ്റ്റുകളുമാണ് കനത്ത കാറ്റിലും മഴയിലും ഒടിഞ്ഞത്.

പാലാ ഡിവിഷനില്‍ അരക്കോടി രൂപയിലധികം നാശനഷ്ടമാണു കണക്കാക്കിയത്. ഇപ്പോഴും തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടി തുടരുകയാണ്. വൈക്കം ഡിവിഷനു കീഴില്‍ 40 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 11 കെവിയുടെ 55 പോസ്റ്റുകളും 170 എല്‍ടി പോസ്റ്റുകളും ഇവിടെ തകര്‍ന്നു. ചങ്ങനാശേരി ഡിവിഷനു കീഴില്‍ 4.16 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കി. ഒരു ട്രാന്‍സ്ഫോമറും നാല് 11 കെവി പോസ്റ്റുകളും 20 എല്‍ടി  പോസ്റ്റുകളും തകര്‍ന്നു. അഞ്ച് കിലോ മീറ്റര്‍ ദൂരത്തില്‍ 11 കെവി വൈദ്യുതി ലൈനും ഒന്‍പത് കിലോ മീറ്റര്‍ ദൂരത്തില്‍ എല്‍ടി ലൈനും തകരാറിലായി. പൊന്‍കുന്നം ഡിവിഷനു കീഴില്‍ 10.20 ലക്ഷം രൂപയുടെ നഷ്ടമാണു കണക്കാക്കിയത്.

11 കെവിയുടെ 20 പോസ്റ്റുകളും 125 എല്‍ടി പോസ്റ്റുകളും ഇവിടെ തകര്‍ന്നു. കോട്ടയം
നഗരം ഉള്‍പ്പെടുന്ന പള്ളം ഡിവിഷനില്‍ കാറ്റും മഴയും മൂലമുണ്ടായ നാശനഷ്ടക്കണക്കുകള്‍ ഇതുവരെ ശേഖരിച്ചിട്ടില്ലെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മറ്റു നാല് ഡിവിഷനുകളിലും പ്രാഥമിക കണക്കുകള്‍ തയാറായപ്പോഴാണ് പള്ളം ഡിവിഷനില്‍ മാത്രം കണക്കു ലഭ്യമല്ലാത്തത്. കെഎസ്ഇബിയുടെ പോസ്റ്റുകളും ലൈനുകളും ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതാണ്. നാശനഷ്ടങ്ങളുണ്ടായാല്‍ 15 ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച കണക്കുകള്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡയറക്ടര്‍ക്കു കൈമാറണമെന്നാണു വ്യവസ്ഥ.