മരണം വായ്‌ പിളര്‍ന്ന്‌




കോട്ടയം: നഗരത്തിലെ നടപ്പാതകളിലേക്ക്‌ കാല്‍ വയ്‌ക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്‌, ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നതു ദുരന്തം. മൂടിയില്ലാത്ത ഓടകളും സ്ലാബ്‌ ഉയര്‍ന്നു നില്‍ക്കുന്ന നടപ്പാതകളുമൊക്കെയുള്ള നഗരത്തില്‍ നിന്ന്‌ കാല്‍നടയാത്രക്കാര്‍ രക്ഷപ്പെടുന്നത്‌ ഭാഗ്യം കൊണ്ടുമാത്രം. കഴിഞ്ഞ ദിവസം രാത്രി സെന്‍ട്രല്‍ ജംഗ്‌ഷനു സമീപം നടപ്പാതയിലെ ഉയര്‍ന്നു നിന്ന സ്ലാബില്‍ തട്ടി മധ്യവയസ്‌കനു പരുക്കേറ്റിരുന്നു. ഇതുപോലുള്ള അപകടങ്ങള്‍ നിത്യസംഭവമാണെന്നു നഗരവാസികള്‍ പറയുന്നു.
നഗരമധ്യത്തില്‍ സെന്‍ട്രല്‍ ജംഗ്‌ഷനു സമീപം ഇത്തരത്തില്‍ എപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്ന ഓടയുണ്ടെങ്കിലും അധികൃതര്‍ അതു കണ്ടിട്ടില്ല. ഗാന്ധി സ്‌ക്വയറിനോടു ചേര്‍ന്നുള്ള ഭാഗത്താണ്‌ ഈ ഓട. പെട്ടെന്ന്‌ റോഡ്‌ കുറുകെ കടന്ന്‌ എത്തുന്നവര്‍ മലിനജലം നിറഞ്ഞ ഓടയില്‍ വീഴുന്നത്‌ നിത്യസംഭവമാണ്‌. തട്ടുകടക്കാരും മറ്റും മാലിന്യം ഒഴിക്കുന്നതും ഇവിടേക്കാണ്‌. ഇത്തരക്കാര്‍ക്ക്‌ മാലിന്യം തള്ളാന്‍ ഓടയുടെ മൂടി മനഃപൂര്‍വം തുറന്നുവച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ട്‌.

ഇവിടെ മാത്രമല്ല, ഈ ദുര്‍ഗതി. എം.സി. റോഡില്‍ സ്‌റ്റാര്‍ ജംഗ്‌ഷന്‍ മുതല്‍ വൈ.ഡബ്ല്യു.സി.എ. വരെയുള്ള ഭാഗത്ത്‌ പലയിടങ്ങളിലായി സ്ലാബുകള്‍ ഇല്ലാത്ത ഓടകളും സ്ലാബുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഓടകളും നിരവധിയാണ്‌. ഇതില്‍ ഏറ്റവും അപകടങ്ങളുണ്ടാക്കുന്നത്‌ ബേക്കര്‍ ജംഗ്‌ഷന്‍ മുതല്‍ വൈ.ഡബ്ല്യു.സി.എ. വരെയുള്ള ഭാഗത്താണ്‌. നിത്യേന നൂറുകണക്കിനാളുകള്‍ നടന്നുപോകുന്ന ഈ ഭാഗത്ത്‌ അപകടങ്ങള്‍ ഉണ്ടാകാത്ത ദിവസം വളരെ ചുരുക്കമാണ്‌. കാല്‍നടയാത്രക്കാര്‍ കൂടുതലായി ഉപയോഗിക്കാത്ത നടപ്പാതകള്‍ ടൈലിട്ട്‌ മോടിപിടിപ്പിക്കാന്‍ വ്യഗ്രത കാട്ടുന്ന അധികൃതര്‍ ഇത്തരം അപകടക്കെണികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന്‌ ആക്ഷേപമുണ്ട്‌. മാധ്യമങ്ങളില്‍ ചിത്രം വരുന്നതിനായി ഏതു കാര്യങ്ങള്‍ക്കും പ്രക്ഷോഭം സംഘടിപ്പിക്കുന്ന ന്യൂജനറേഷന്‍ സംഘടനകളും ഇക്കാര്യങ്ങള്‍ മനഃപൂര്‍വം വിസ്‌മരിക്കുന്നു.