ഓര്‍ഗണില്‍ വിരലോടി നടന്ന ആറു പതിറ്റാണ്ട്
Posted by
melukavu-live
| at 03:44
0
comments
Labels :
ഓര്‍ഗണില്‍ വിരലോടി നടന്ന ആറു പതിറ്റാണ്ട്
കോട്ടയം. 1947ലെ ഒരു സായാഹ്നം. ബേക്കര്‍ ചാപ്പലിലേക്കു നടന്നുകയറിയ ഒരു പന്ത്രണ്ടുകാരന്‍ ക്വയര്‍ സംഘം സംഗീതമൊരുക്കുന്ന സ്ഥലത്തെത്തുന്നു. അവിടെയപ്പോള്‍ ആരുമുണ്ടായിരുന്നില്ല; മൂടിയിട്ടിരുന്ന ഒരു ഓര്‍ഗണ്‍ ഒഴികെ. പന്ത്രണ്ടുകാരന്റെ മനസ്സില്‍ സംഗീതം പിച്ചവച്ചുതുടങ്ങുന്ന കാലമായിരുന്നു. അവന്‍ മൂടിയെടുത്തുമാറ്റിയശേഷം ഓര്‍ഗണില്‍ വിരലോടിച്ചു.
ശ്രുതിമംഗളം ജയമംഗളം എന്ന ഗാനത്തിന്റെ താളത്തില്‍. ആ സായാഹ്നത്തിനുശേഷം അവന്‍ ഓര്‍ഗണില്‍നിന്നു കൈയെടുത്തിട്ടില്ല. അന്നത്തെ പയ്യന്, നാഗമ്പടം അണ്ണാന്‍കുന്ന് വാഴവിളയില്‍ വി.സി. ചെറിയാന്, പ്രായമിപ്പോള്‍ എഴുപത്തെട്ടുകഴിഞ്ഞു. പക്ഷേ, ഓര്‍ഗണില്‍ ഓടിനടക്കുന്ന വിരലുകള്‍ക്കും ഈണവും താളവും ലയിക്കുന്ന മനസ്സിനും പ്രായം പഴയ പന്ത്രണ്ടുതന്നെ. ഓര്‍ഗണ്‍ വായനക്കാരന്‍ എന്ന നിലയില്‍ സംഗീത സപര്യയുടെ ആറു പതിറ്റാണ്ടു പിന്നിട്ടുകഴിഞ്ഞ വി.സി. ചെറിയാന്‍ ക്വയര്‍ സംഘത്തില്‍ ഇപ്പോഴും സജീവമാണ്.
ഇദ്ദേഹം രചിച്ച്, ഈണമിട്ട ഒട്ടേറെ ഗാനങ്ങള്‍ കോട്ടയത്തിന്റെ ക്രിസ്മസ് രാവുകളെ സംഗീതസാന്ദ്രമാക്കുന്നു. ചാലുകുന്ന് സിഎസ്ഐ കത്തീഡ്രല്‍ ക്വയറിലാണു ചെറിയാന്‍ ആദ്യം അംഗമായത്. പിന്നീടു മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയിലെത്തി. എക്യുമിനിക്കല്‍ കോറല്‍ ഗ്രൂപ്പിന്റെ ക്ഷണപ്രകാരം അഞ്ചുവര്‍ഷം അബുദാബിയിലും ചെറിയാന്‍ ഓര്‍ഗണുമായി സഞ്ചരിച്ചു. ഇപ്പോള്‍ മാസ്റ്റേഴ്സ് മെന്‍ ക്വയര്‍ ഗ്രൂപ്പില്‍. രചിച്ച്, ഈണമിട്ട 37 ഗാനങ്ങളുടെ kഓര്‍ഗണ്‍ നോട്ടുകള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകവും ചെറിയാന്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകത്തിലാക്കിയിട്ടില്ലാത്ത നൂറോളം ഗാനങ്ങള്‍ വേറെയുമുണ്ട്.
ഇപ്പോഴും ഒരു പാട്ടുകേട്ടാല്‍ (മൂളിപ്പാട്ടാണെങ്കിലും) അതിന്റെ നോട്ട് മിനിട്ടുകള്‍ക്കകം തന്നെ തയാറാക്കിവയ്ക്കും. പിന്നെയും വന്നെത്തിയ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ പിന്നിട്ട വഴികളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും ചോദിച്ചാല്‍ പഴയൊരു പാട്ടിന്റെ നാലുവരി മൂളും ചെറിയാന്‍: ആനന്ദം ആനന്ദം സ്വര്‍ഗീയാനന്ദം ആകാശമണ്ഡലെ ആയിരമായിരം ദൂതന്‍മാര്‍ പാടുന്നു അത്യുന്നതനാം ദേവാധിദേവന്റെ മഹത്വം...
Subscribe to:
Post Comments (Atom)

