സജിക്കു കേള്‍ക്കാനാവില്ല, പറയാനാവില്ല, പക്ഷേ, ഈ ചെറുപ്പക്കാരനു പറക്കാനാവും.
Posted by
melukavu-live
| at 19:13
0
comments
Labels :
തൊടുപുഴ . സജിക്കു കേള്‍ക്കാനാവില്ല, പറയാനാവില്ല, പക്ഷേ, ഈ ചെറുപ്പക്കാരനു പറക്കാനാവും. അതും സ്വന്തമായി നിര്‍മിച്ച വിമാനത്തില്‍. തൊടുപുഴയ്ക്കടുത്തു തട്ടക്കുഴയിലെ കൊച്ചുകുടിലില്‍ താമസിക്കുന്ന ഏഴാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള സജി തോമസ് നിര്‍മിച്ച വിമാനം ആകാശത്തില്‍ വട്ടമിട്ടു പറന്ന് അദ്ഭുതം സൃഷ്ടിച്ചു.
ജന്മനാ ബധിരനും മൂകനുമായ സജി നിര്‍മിച്ച വിമാനം ഇൌ മാസം പത്തിനായിരുന്നു പരീക്ഷണപ്പറക്കല്‍ നടത്തിയത്. എയര്‍ഫോഴ്സിലെ റിട്ട. വിങ് കമാന്‍ഡര്‍ എസ്.കെ.ജെ. നായര്‍ തമിഴ്നാട്ടിലെ തിരുനല്‍വേലിക്കടുത്തുള്ള അംബാസമുദ്രത്തില്‍ സജിയെയുമിരുത്തി വിമാനം പറപ്പിച്ചു. സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ റജിസ്ട്രേഷന്‍ കിട്ടിയാല്‍ സജിയുടെ വിമാനത്തിനു പറന്നുനടക്കാമെന്ന് എസ്.കെ.ജെ. നായര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഏഴുവര്‍ഷം കൊണ്ടാണു സജി വിമാനം ഉണ്ടാക്കിയത്. സാമ്പത്തിക പരാധീനതകള്‍ മൂലമാണു പണി നീണ്ടുപോയതെന്നു ഭാര്യ മരിയ പറയുന്നു. സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിറ്റും ഇലക്ട്രീഷ്യന്‍ ജോലിചെയ്തും റബര്‍ കൃഷിയിലെ വരുമാനം ഉപയോഗിച്ചും സജി വിമാനമുണ്ടാക്കാനുള്ള യന്ത്രഭാഗങ്ങള്‍ വാങ്ങി. രാജ്യത്തെ പ്രമുഖ വിമാന കമ്പനികളില്‍ നേരിട്ടുചെന്നു സാങ്കേതിക വിദ്യ പരിചയപ്പെട്ടു. ഇന്റര്‍നെറ്റിന്റെയും പുസ്തകങ്ങളുടെയും സഹായത്തോടെ സംശയങ്ങള്‍ ദൂരീകരിച്ചു.
സജി ആദ്യമായി ഉണ്ടാക്കിയ ഹെലികോപ്ടറിന്റെ മാതൃകയെപ്പറ്റി കേട്ടറിഞ്ഞ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സജിക്കു
ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, 1990ല്‍ രാജീവ് കൊല്ലപ്പെട്ടതിനാല്‍ അക്കാര്യം നടന്നില്ല. ബൈക്കിന്റെ എന്‍ജിന്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വിമാനം 2005ല്‍ തൊടുപുഴ കാര്‍ഷിക മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കാര്‍ഷിക മേളയിലെത്തിയ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം സജിയെ അഭിനന്ദിച്ചു. അഹമ്മദാബാദില്‍ നടന്ന പ്രദര്‍ശനത്തില്‍ സൃഷ്ടി സമ്മാന്‍ ദേശീയ പുരസ്കാരവും സജിക്കു ലഭിച്ചു.
പറക്കാന്‍ ശേഷിയില്ലാതിരുന്ന ആദ്യ വിമാനം മറ്റക്കരയിലെ എന്‍ജിനീയറിങ് കോളജ് അധികൃതര്‍ വിലയ്ക്കു വാങ്ങി. പിന്നീടു കുറെക്കാലം ഈ കോളജിലെ വിദ്യാര്‍ഥികളെ വിമാനത്തിന്റെ എന്‍ജിന്‍ പരിചയപ്പെടുത്തുന്ന ജോലിയായിരുന്നു സജിക്ക്. വീടിനോടു ചേര്‍ന്നു പടുത കൊണ്ടു മറച്ച വര്‍ക്ക്ഷോപ്പിലിരുന്നു സജി വിമാനനിര്‍മാണം തുടര്‍ന്നു. ഏഴാം ക്ളാസുകാരനായ മകന്‍ ജോഷ്വയായിരുന്നു സഹായി. പണി തീര്‍ന്നപ്പോഴേക്കും 10 ലക്ഷം രൂപ ചെലവായി. 265 കിലോ തൂക്കമുള്ള ഈ വിമാനത്തിനു പറന്നുയരാന്‍ ഒന്നര കിലോമീറ്റര്‍ നീളമുള്ള റണ്‍വേ വേണം.
Subscribe to:
Post Comments (Atom)


