ചക്ക ദുഃഖം മടല്‍ ഓക്കാനം



കാല്‍ നൂറ്റാണ്ട് മുന്‍പ് ആശുപത്രിയില്‍ വരുന്ന രോഗികളില്‍ ചുരുങ്ങിയത് 20 ശതമാനമെങ്കിലും വയറുവേദനക്കാരായിരിക്കും. വായുക്ഷോഭം, ഗ്യാസ്ട്രബിള്‍ എന്നൊക്കെയാണ് രോഗത്തിന്റെ പേര്‍ പറഞ്ഞിരുന്നത്. 'ഗുമ്മന്‍' എന്ന ഓമനപ്പേരിലാണ് സ്ത്രീകള്‍ ഈ രോഗത്തെ വിവരിക്കുക. ഗുമ്മന്‍ എന്നു കേള്‍ക്കുമ്പോള്‍ നഴ്‌സുമാര്‍ അടക്കിച്ചിരിക്കുമായിരുന്നു. അവിഹിതഗര്‍ഭത്തിനും അക്കാലത്ത് 'ഗുമ്മന്‍' എന്നു പറഞ്ഞിരുന്നു.

ചക്കയായിരുന്നു വയറുവേദനയുണ്ടാക്കുന്ന അക്കാലത്തെ വില്ലന്‍. വല്ലപ്പോഴും ചക്ക പഴമായോ പുഴുക്കായോ ശാപ്പിട്ടവരായിരിക്കും രോഗത്തിന് അടിമപ്പെട്ട് ക്ലിനിക്കിലും ആശുപത്രിയിലും വന്നിരുന്നത്. പതിവായി ചക്ക ഭക്ഷിക്കുന്നവര്‍ക്ക് യാതൊരു കുഴപ്പവും സംഭവിക്കാറില്ല. ഇതൊക്കെയാണ് പരമാര്‍ഥങ്ങളെങ്കിലും ചക്ക തിന്നാന്‍ പലര്‍ക്കും ഭയമായിരുന്നു.

സത്യത്തില്‍ ചക്കയുടെ ഔഷധമൂല്യത്തെക്കുറിച്ചോ ഭക്ഷണപ്രാധാന്യത്തെപ്പറ്റിയോ നുക്ക് അറിവില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ ആഴ്ച തൃശ്ശൂരില്‍ വെച്ച് കെ.ആര്‍. ജയന്‍ അദ്ദേഹം എഴുതിയ 'പ്ലാവ്' എന്ന പുസ്തകം എനിക്ക് സമ്മാനിച്ചു. പുസ്തകം കണ്ടപ്പോഴും പേര് കേട്ടപ്പോഴും എനിക്ക് ഒന്നും തോന്നിയില്ല. പക്ഷേ, പിറ്റേന്ന് കാലത്ത് ആ കൊച്ചു പുസ്തകം തുറന്നു വായിച്ചപ്പോള്‍ എന്റെ അറിവില്ലായ്മയെ ഓര്‍ത്ത് ഞാന്‍ ലജ്ജിച്ചുപോയി. ആ സമയം ഞാന്‍ ഒരു കുട്ടിയായി എന്റെ കുട്ടിക്കാലം ഓര്‍ക്കാന്‍ തുടങ്ങി.
ഞാന്‍ ജനിച്ചുവളര്‍ന്ന തറവാട് വീടിന്റെ തൊടി നിറയെ തെങ്ങും പ്ലാവും മാവും മറ്റനവധി മരങ്ങളും കാടുപോലെ മുറ്റി വളര്‍ന്ന് നിന്നിരുന്നു. നട്ടുച്ചനേരത്തുപോലും തൊടിയില്‍ വെളിച്ചമുണ്ടായിരുന്നില്ല. അത്രയും നിബിഡമായിരുന്നു വൃക്ഷങ്ങള്‍.
അക്കാലത്ത് കുട്ടികളെ ഏറ്റവും അലോസരപ്പെടുത്തിയതും സന്തോഷിപ്പിച്ചതും രണ്ടു പ്ലാവുകളായിരുന്നു. വലിയ ഒരു പ്ലാവ് മുറ്റം കഴിഞ്ഞുള്ള ഉയര്‍ന്ന പറമ്പില്‍ പടര്‍ന്നു പന്തലിച്ചു വളര്‍ന്നിരുന്നു. വേനലവധിക്ക് മുന്‍പുള്ള പരീക്ഷകള്‍ക്കു പഠിച്ചിരുന്നതും വേനലവധിക്ക് കളിച്ചിരുന്നതും ആ പ്ലാവിന്റെ ചുവട്ടില്‍ വെച്ചായിരുന്നു. രണ്ടാമത്തെ പ്ലാവ് മുറ്റം കഴിഞ്ഞ് തൊട്ടുമുന്നിലായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്നു അതിനെന്ന് തോന്നും. മുത്തച്ഛന്റെ മുത്തച്ഛന്‍ വെച്ചുപിടിപ്പിച്ചതായിരുന്നുവത്രെ അത്. വലിയ ഒരു തറ ചെത്തുകല്ലുകൊണ്ട് കെട്ടി അതിനെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നു. പക്ഷേ, പ്ലാവ് ഉതിര്‍ക്കുന്ന ഇലകള്‍ മുറ്റത്തും കിണറ്റിലും വീണ് ഞങ്ങള്‍ കുട്ടികളെ അലോസരപ്പെടുത്തി. വേനല്‍ക്കാലത്ത് കിണറ്റിലെ വെള്ളം വറ്റി ശോഷിക്കുമ്പോള്‍ പ്ലാവിലയുടെ രസംനിറഞ്ഞ വെള്ളം കുടിക്കാനും അതില്‍ കുളിക്കാനും ഞങ്ങള്‍ മടിച്ചുനിന്നു.

അവസാനം ഞങ്ങള്‍ ആ പ്ലാവ് മുറിച്ചുമാറ്റി. അന്നു രാത്രി അഗതികളാക്കപ്പെട്ട അതിലെ അന്തേവാസികള്‍ നിലവിളിച്ചുകൊണ്ട് പുരയ്ക്കു ചുറ്റും മണ്ടിനടന്നു. പ്ലാവിന്റെയും ചക്കയുടെയും പ്രാധാന്യം അറിഞ്ഞ ഞാന്‍ ഇപ്പോള്‍ അതോര്‍ത്ത് സങ്കടപ്പെടുന്നു.
ഈയടുത്ത കാലത്തുപോലും ചക്ക ആര്‍ക്കും വേണ്ടാത്ത ഒരു ഭക്ഷണപദാര്‍ഥമായിരുന്നു. പറമ്പില്‍ ചക്ക ധാരാളമായി കായ്ച്ച് മൂത്തു പഴുക്കാന്‍ തുടങ്ങിയാല്‍ ആരെങ്കിലും വന്ന് ചോദിക്കാന്‍ ഞങ്ങള്‍ കാത്തുകിടക്കും; ഇതിനെ കൊണ്ടുപോയ്‌ക്കോളുമല്ലോ എന്ന ആശ്വാസത്തില്‍.

പ്ലാവ് ഒരു ഔഷധവൃക്ഷമാണ്. രാത്രിയില്‍ ഉറങ്ങാത്ത വൃക്ഷംകൂടിയാണ് പ്ലാവ്. ഈ വൃക്ഷം അമ്മയെപ്പോലെ മുലപ്പാല്‍ ഉത്പാദിപ്പിക്കുന്നു. അച്ഛനെപ്പോലെ ദേഹസംരക്ഷണം നടത്തുന്നു. രണ്ടാം കല്‍പവൃക്ഷമെന്നു വിശേഷിപ്പിക്കാവുന്ന പ്ലാവിന്റെ ഇല മുതല്‍ വേരുവരെയും ചക്കമുള്ളു മുതല്‍ ചക്കമുളഞ്ഞില്‍വരെയും പലവിധത്തിലും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും പ്രയോജനപ്പെടുന്നു.
അഗസ്ത്യന്‍, ഭരദ്വാജന്‍ തുടങ്ങിയ പണ്ടത്തെ മുനിമാര്‍ തങ്ങളുടെ ആശ്രമപരിസരങ്ങളില്‍ പ്ലാവുകള്‍ നട്ട് പരിപാലിച്ചു വളര്‍ത്തിയിരുന്നു. മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ 'ഉമാകേരളം' മഹാകാവ്യത്തില്‍ കേരളത്തിലെ പ്രകൃതിവിഭവങ്ങളില്‍ പ്ലാവിന് രണ്ടാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.

''പാരം, കരിമ്പ്, പനസം, മുള, കേലം, ഇഞ്ചി
കേരം, കവുങ്ങ്, തളിര്‍വെറ്റില, ഏത്തപ്പഴം''
ശ്രീനാരായണഗുരുവിന് പ്ലാവിനോട് ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു. സുപ്രധാനമായ എല്ലാ തീരുമാനങ്ങളും അദ്ദേഹം എടുത്തിരുന്നത് പ്ലാവിന്‍ചുവട്ടില്‍ ഇരുന്നുകൊണ്ടായിരുന്നു. 1922ല്‍ മഹാകവി രബീന്ദ്രനാഥ ടാഗോര്‍ ഗുരുവിനെ സന്ദര്‍ശിച്ചപ്പോള്‍ ശിവഗിരിയിലുള്ള പ്ലാവിന്‍ചുവട്ടിലാണ് അവര്‍ സമ്മേളിച്ചത്. ഭാഗവതത്തില്‍ വൃക്ഷരൂപിണിയായ ദേവിയെ സ്തുതിക്കുമ്പോള്‍ പ്ലാവിനെ പ്രത്യേകമായി പ്രതിപാദിക്കുന്നുണ്ട്.

അരയാല്‍, ലാല്‍, വേപ്പ്, മാവ്
മെരുക്കും പ്ലാവ് ലന്തയും
വിളാര്‍ കൂവളമിത്യാദി...
''പുരനിറയെ പിള്ളേരും പ്ലാവ് നിറയെ ചക്കയും'' എന്നൊരു പഴഞ്ചൊല്ലുണ്ട്. എത്ര കുട്ടികള്‍ ഉണ്ടെങ്കിലും പറമ്പില്‍ പ്ലാവുണ്ടെങ്കില്‍ എല്ലാവര്‍ക്കും ഭക്ഷണമായി എന്നതാണ് ഈ ചൊല്ലിന്റെ പൊരുള്‍.

വീട്ടുവളപ്പിലെ ചക്ക ആരെങ്കിലും വന്ന് വാങ്ങിച്ചുകൊണ്ടുപോകണമേ എന്നായിരുന്നുവല്ലോ ഞങ്ങളുടെയൊക്കെ പ്രാര്‍ഥന. പ്ലാവും ചക്കയും ഒരു ശല്യമായാണ് ഞങ്ങളൊക്കെ കണ്ടിരുന്നത്. പക്ഷേ, ചക്കപോലെ ഇത്രയും പോഷകാംശങ്ങളും ഔഷധമൂല്യവുമുള്ള ഒരു പഴം വേറെയുണ്ടോ എന്നു സംശയമാണ്. ചക്ക നമ്മള്‍ കയറ്റി അയയ്ക്കുകയും വിഷം പുരണ്ട ആപ്പിളും മുന്തിരിയും ഓറഞ്ചും വാങ്ങിക്കഴിച്ച് വയറിനും കരളിനും അര്‍ബുദം പിടിപ്പിച്ച് അറിവില്ലാത്തവരായി വലയുകയും ചെയ്യുന്നു.

ചക്ക തിന്നാല്‍, കപ്പ തിന്നതുപോലെ ഗ്യാസാണെന്ന പരാതി നേരത്തെ സൂചിപ്പിച്ചുവല്ലോ. നമ്മള്‍ ചക്ക തിന്നുകയാണെങ്കില്‍ ഒരു നേരം ചക്ക മാത്രം തിന്നാല്‍ മതി. അല്ലാതെ മറ്റു ഭക്ഷണം പതിവുപോലെ കഴിക്കുകയും ചക്കപ്പഴം എക്‌സ്ട്രാ കഴിക്കുകയും ചെയ്യുമ്പോഴാണ് ആമാശയം പണിമുടക്കുക. ചക്ക പഴമായാലും വേവിച്ചായാലും അതു മാത്രമേ കഴിക്കാവൂ. അങ്ങനെ പതിവായി കഴിച്ചാല്‍ പല ഉദരരോഗങ്ങള്‍ക്കും അത് പ്രതിവിധിയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.

കേരളത്തിന്റെയും മലയാളികളുടെയും ഭാവി വളരെ ഇരുണ്ടതായിരിക്കുമെന്ന് പറയുന്നതില്‍ അതീവ ഖേദമുണ്ട്. ഇപ്പോള്‍ കേരളം ജീവിക്കുന്നത് ഗള്‍ഫ് മണിയുടെ പ്രഭാവലയത്തിലാണ്. ഗള്‍ഫ് നാടുകളെ പൂര്‍ണമായും വിശ്വസിക്കാന്‍ പറ്റുകയില്ല. അറബികള്‍ വെറും കച്ചവടക്കാരാണെന്ന കാര്യം ലോകം മുഴുവനും അറിയും. പക്ഷേ, മലയാളികള്‍ക്കറിയാന്‍ നേരം പിടിക്കും. മണ്ണിന്റെ മക്കള്‍വാദവും ഭീകരവാദവും വളര്‍ന്നുവരുന്ന ഈ കാലത്ത് ഉത്തരേന്ത്യയില്‍ നിന്നും അരിയും ഗോതമ്പുമായി വരുന്ന വണ്ടികള്‍ ഒരു മാസം വഴിയില്‍ കിടന്നാല്‍ മലയാളികള്‍ പട്ടിണി കിടക്കേണ്ടിവരും. അഞ്ചു വര്‍ഷം മുന്നോട്ടു കാണാന്‍ കഴിവില്ലാത്തവരാണ് മന്ദബുദ്ധികളായ നമ്മുടെ രാഷ്ട്രീയനേതാക്കള്‍. അതുകൊണ്ട് അവര്‍ നിര്‍മിക്കുന്ന പഞ്ചവത്സരപദ്ധതികള്‍ക്ക് കാത്തു നില്‍ക്കാതെ പഴയ പാരമ്പര്യ ഭക്ഷണവ്യവസ്ഥയിലേക്ക് നമുക്ക് മാറേണ്ടിവരും. അരിക്കും ഗോതമ്പിനും പകരം ചക്ക നമുക്ക് ആഹാരമായി വരുന്ന ഒരു കാലം വരും. ഓര്‍മയിരിക്കട്ടെ!
ചക്ക ദുഃഖം മടല്‍ ഓക്കാനം,
കുരു വയറിന്നൊരാശ്വാസം