കൂടുതൽ മൈലേജ് ലഭിക്കുന്ന എൻജിനുമായി മലയാളി യുവാവ്




തിരുവനന്തപുരം: നിലവിലുള്ള ഡീസൽ എൻജിനുകളെക്കാൾ 15 ശതമാനം കൂടുതൽ മൈലേജ് ലഭിക്കുന്ന എൻജിനുമായി മലയാളി യുവാവ് ശ്രദ്ധനേടുന്നു. മെക്കാനിക്കൽ എൻജിനിയർ കൂടിയായ മൂവാറ്റുപുഴ കുന്നത്തുമറ്റത്തിൽ മേമടങ്ങ് കെ.ആർ. രജീഷ് ആണ് തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്. റിഗാസ് എൻജിൻ എന്നാണ് എൻജിന് പേരിട്ടിരിക്കുന്നത്. ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പെട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്. പേറ്റന്റ് ലഭിച്ച ശേഷം വിദേശ ഓട്ടോമൊബൈൽ കമ്പനികളെ ഉൾപ്പെടെ സമീപിക്കാനിരിക്കുകയാണ് രജീഷ്. 'ജനുവരിയിൽ ചെന്നൈയിൽ നടന്ന എക്സ്പോയിൽ ഈ എൻജിൻ അവതരിപ്പിച്ചിരുന്നു. അവിടെ പങ്കെടുത്ത ഓട്ടോമൊബൈൽ കമ്പനികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബെൽജിയത്തിൽ നിന്നുള്ള ട്രേഡ് കമ്മിഷണറും എത്തിയിരുന്നു. അദ്ദേഹം രജീഷിനെ അവിടേക്ക് ക്ഷണിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻ‌ഡ് ടെക്നോളജിയുടെ സാമ്പത്തിക സഹായവും കോതമംഗലം കോളേജ് ഒഫ് എൻജിനിയറിംഗിലെ പ്രൊഫ. റോയ് എൻ. മാത്യുവിന്റെ ഉപദേശങ്ങളും ഗവേഷണത്തിന് ലഭിച്ചു"രജീഷ് കേരളകൗമുദിയോട് പറഞ്ഞു.
വാൽവുകൾ ഇല്ലെന്നതും എൻജിന് വിറയൽ ഉണ്ടാവില്ലെന്നതും ഇതിന്റെ പ്രത്യേകതകളാണ്. മെയിന്റനൻസും കുറവാണ്.
തമിഴ്നാട്ടിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ളോമ പാസായ ശേഷം രജീഷ് എ.എം.ടി നടത്തുന്ന ബിരുദ കോഴ്സും കഴിഞ്ഞു. വീടിനോട് ചേർന്ന് റിഗാസ് ഇന്നൊവേഷൻ എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചാണ് ഗവേഷണങ്ങൾ നടത്തിയത്. മൾട്ടി സ്റ്റേജ് കമ്പ്രസർ നേരത്തേ തയ്യാറാക്കിയിരുന്നു. ഇപ്പോൾ മോട്ടോർ പമ്പിന്റെ പണിപ്പുരയിലാണ്.
ഡ്രൈവറായിരുന്ന അച്ഛൻ രാജൻ നേരത്തേ മരിച്ചു. ഇപ്പോൾ അമ്മ ലക്ഷ്മിക്കൊപ്പമാണ് താമസം.