പരിസ്ഥിതിലോലം: സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തിയ ഭൂപടങ്ങള്‍ തയാറാവുന്നു

* ഏപ്രില്‍ 27 ഓടെ ഭൂപടങ്ങള്‍ തയാറാവും
* സൂക്ഷ്മ പരിശോധനയ്ക്ക് വിദഗ്ധ സമിതി

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയുടെ സര്‍വേ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള ഭൂപടങ്ങള്‍ തയാറാവുന്നു. ഏപ്രില്‍ 27 ഓടെ ഇത് പൂര്‍ത്തിയാവും. ഈ ഭൂപടങ്ങളുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിദഗ്ധ സമിതിക്കും രൂപം നല്‍കി.

കൃഷിസ്ഥലവും ജനവാസമേഖലയും ഒഴിവാക്കിയുള്ള പരിസ്ഥിതിലോല പ്രദേശത്തിന്റെ വിസ്തൃതി എത്രയെന്ന് ഇതുകഴിഞ്ഞേ അറിയാനാവൂ. 123 വില്ലേജുകളിലായി 9993.7 ചതുരശ്രകിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയില്‍ വരുമെന്നാണ് കരട് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നത്. 

പഞ്ചായത്ത് തലത്തിലുള്ള വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ വില്ലേജുകളുടെ കരട് ഭൂപടങ്ങള്‍ തയാറാക്കിയിരുന്നു. ഇതില്‍ വാസസ്ഥലങ്ങളും കൃഷിഭൂമിയും ഉള്‍പ്പെട്ടുവെന്ന പരാതിയെത്തുടര്‍ന്ന് തിരുത്തലുകളും വരുത്തി. സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തിയ കഡസ്ട്രല്‍ ഭൂപടങ്ങളുമായി ഇവയെ താരതമ്യപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ വാസസ്ഥലങ്ങളുടെയും കൃഷിഭൂമിയുടെയും സര്‍വേ നമ്പര്‍ രേഖപ്പെടുത്തിയുള്ള ഭൂപടങ്ങള്‍ തയാറാക്കും. ഇവ നോക്കിയാല്‍ ഏതൊക്കെ സര്‍വേ നമ്പരിലുള്ള ഭൂമി പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അറിയാനാവും. 1: 5000 എന്ന അനുപാതത്തിലാണ് ഈ ഭൂപടങ്ങള്‍ തയാറാക്കുക. 

സര്‍വേവകുപ്പ് അച്ചടിച്ച് നല്‍കിയ വില്ലേജുതല കഡസ്ട്രല്‍ ഭൂപടങ്ങള്‍ റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയിട്ടുണ്ട്. ഇവ എല്ലാ വില്ലേജുകളിലും എത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റും കൃഷി, വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന സമിതി ഈ ഭൂപടങ്ങളില്‍ സര്‍വേ നമ്പര്‍ അടയാളപ്പെടുത്തും. ഇത് തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിദഗ്ധസമിതി അധ്യക്ഷനും ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാനുമായ ഡോ.ഉമ്മന്‍ വി.ഉമ്മന്‍ പറഞ്ഞു.

ഇങ്ങനെ തയാറാക്കുന്ന ഭൂപടങ്ങള്‍ പുതുതായി രൂപവത്കരിച്ച വിദഗ്ധസമിതി വീണ്ടും പരിശോധിക്കും. ഈ സമിതിയുടെയും അധ്യക്ഷന്‍ ഉമ്മന്‍ വി.ഉമ്മന്‍ തന്നെ. വനംമേധാവി, സര്‍വേ ഡയറക്ടര്‍, റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ ഡയറക്ടര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

കൃഷിഭൂമിയെയും വാസസ്ഥലങ്ങളെയും ഒഴിവാക്കി കരട് വിജ്ഞാപനം വന്നത് മാര്‍ച്ച് 18 നാണ്. ഇതിന് 60 ദിവസത്തിനുള്ളില്‍ യഥാര്‍ത്ഥ ഭൂപടങ്ങളുടെ കരട് തയാറാക്കി വിജ്ഞാപനം ചെയ്യണം. ഇതുസംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ അത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കും.