എസ്.എസ്.എല്‍.സിക്ക് റെക്കോഡ് വിജയം 95.47 %:



* 934 സ്‌കൂളുകള്‍ക്ക് നൂറ് മേനി
തിരുവനന്തപുരം : എസ്.എസ്. എല്‍.സി. പരീക്ഷയില്‍ 95.47 ശതമാനത്തിന്റെ റെക്കോഡ് വിജയം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിലും നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും റെക്കോഡ് നേട്ടമാണ് ഈ വര്‍ഷമുണ്ടായത്. 2008 മുതല്‍ 90 ശതമാനത്തിന് മുകളിലായിരുന്ന വിജയശതമാനം ഈ വര്‍ഷം പുതിയ ഉയരത്തില്‍ എത്തുകയായിരുന്നു. മുന്‍വര്‍ഷം 94.17 ശതമാനമായിരുന്നു വിജയം. 4,63,686 പേര്‍ പരീക്ഷയെഴുതിയതില്‍ 4,42,678 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

14,802 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഇവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 4729 പേരുടെ വര്‍ദ്ധനയുണ്ട്. 34927 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടി. എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ് നേടിയവരുടെ എണ്ണം 66622 ആണ്. ബി ഗ്രേഡ് നേടിയവരുടെ എണ്ണമാകട്ടെ 11 5715 ഉം സി പ്ലസ് നേടിയവരുടെ എണ്ണം 194864 മാണ്. സി ഗ്രേഡ് നേടിയവര്‍ 315822. ഡി പ്ലസുകാര്‍ 442678. ഡി ഗ്രേഡുകാര്‍ 20416 ആണ്.

നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ 934 ആണ്. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ 281 ഉം എയ്ഡഡ് സ്‌കൂളുകള്‍ 367 ഉം അണ്‍എയ്ഡഡ് സ്‌കൂളുകള്‍ 286 ഉം ഉള്‍പ്പെടുന്നു. മുന്‍വര്‍ഷത്തെക്കാള്‍ 73 സ്‌കൂളുകള്‍ നൂറ് ശതമാനം നേടിയവയുടെ പട്ടികയില്‍ അധികമായി വന്നു.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം കൂടുതലുള്ളതും മലപ്പുറം ജില്ലയിലും തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ്. മലപ്പുറത്ത് നിന്ന് 77,239 കുട്ടികള്‍ പരീക്ഷയെഴുതി. ഇതില്‍ 36005 പേര്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്നായിരുന്നു. 2056 പേര്‍ മലപ്പുറം ജില്ലയില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇതില്‍ 919 പേര്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍പ്പെട്ടവരാണ്.

എന്നാല്‍ വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല കണ്ണൂരാണ്. 98.27 ശതമാനം. വിദ്യാഭ്യാസജില്ല കടുത്തുരുത്തിയും. 98.68 ശതമാനം. വിജയശതമാനം ഏറ്റവും കുറവുള്ള ജില്ലയും വിദ്യാഭ്യാസ ജില്ലയും പാലക്കാടാണ്. യഥാക്രമം 91.28 ഉം 90.25 ഉം.

പട്ടികജാതി വിഭാഗത്തില്‍ 89.52 ഉം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 84.30 ഉം ഒ.ബി.സി യില്‍ 95.96 മാണ് ഇപ്രാവശ്യത്തെ വിജയശതമാനം. എസ്.സി. യില്‍ നിന്ന് 329 പേരും എസ്.ടി. യില്‍ നിന്ന് 13 പേരും ഒ.ബി. സിയില്‍ നിന്ന് 8438 പേരും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. പ്രത്യേക പരിഗണന നല്‍കിയ 107 സ്‌കൂളുകളില്‍ 35 എണ്ണം നൂറ് ശതമാനം വിജയം നേടി.

എസ്.എസ്.എല്‍.സി. ഹിയറിങ് ഇംപയേര്‍ഡ് വിഭാഗത്തില്‍ 99.7 ആണ് വിജയശതമാനം. ടി. എച്ച്.എസ്.എല്‍.സിക്ക് 98.49 ഉം ടി.എച്ച്.എസ്.എല്‍.സി ( എച്ച്.ഐ.) ക്ക് 91.6 ഉം എ. എച്ച്.എസ്.എല്‍.സിക്ക് 96 ഉമാണ് വിജയശതമാനം. 51702 പേര്‍ക്ക് വിവിധ രംഗങ്ങളിലെ മികവിന് ഗ്രേസ് മാര്‍ക്ക് ലഭിച്ചു. മാര്‍ക്ക് ലിസ്റ്റുകള്‍ മെയ് 15 ന് ഡി.ഇ.ഒ. ഓഫീസുകളില്‍ എത്തും. 'സെ' പരീക്ഷ മെയ് 12 ന് തുടങ്ങും. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പത്രസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.