വാട്സ് ആപ്പ്


ഫെയ്സ്ബുക്കും സോഷ്യല്‍ മീഡിയയിലെ മറ്റംഗങ്ങളും ചേര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന് പുതിയ പ്രചാരണമുഖം നല്‍കുമ്പോള്‍ വാട്സ് ആപ്പിനെ എന്തിന് വെറുതെവിടണം? ഇന്ത്യയില്‍ നാലുകോടി സ്ഥിരം ഉപയോക്താക്കളുണ്ട് സ്മാര്‍ട്ട് ഫോണ്‍ മെസഞ്ചര്‍ സേവനമായ വാട്സ് ആപ്പിന്. അതുമാത്രമല്ല സോഷ്യല്‍ മീഡിയ കര്‍ശനമായി നിരീക്ഷിക്കാനും ചെലവുപട്ടികയില്‍ പെടുത്താനുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് വാട്സ് ആപ്പിനെ തിരഞ്ഞെടുപ്പ് ഗോദയിലെ സജീവാംഗമാക്കിയത്. ദേശീയതലത്തിലും പ്രാദേശിക തലത്തില്‍പ്പോലും വാട്സ് ആപ്പ് ഇന്ന് മുഖ്യ പ്രചാരണായുധമാണ്.

ദേശീയതലത്തില്‍ ബി.ജെ.പി.യാണ് കേന്ദ്രീകൃത വാട്സ് ആപ്പ് പ്രചാരണതന്ത്രം ആവിഷ്‌കരിച്ചത്. അവരുടെ മിഷന്‍ 272-ന്റെ ഭാഗമായി 7820078200 എന്ന നമ്പറില്‍ വോട്ടര്‍മാരുമായി ആശയവിനിമയം നടത്തിവരുന്നു. വിത്ത് കോണ്‍ഗ്രസ് എന്നപേരില്‍ 8398989898 എന്ന നമ്പറില്‍ കോണ്‍ഗ്രസ്സും രംഗത്തുണ്ട്. എന്നാല്‍, ഇന്ത്യയാകെ പ്രാദേശികമായി തയ്യാറാക്കിയ വാട്സ് ആപ്പ് ഗ്രൂപ്പുകളാണ് പുതുതലമുറയ്ക്കിടയില്‍ പുതിയരീതിയില്‍ പ്രചാരണം നടത്തുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും വാട്സ് ആപ്പ് സന്ദേശങ്ങള്‍ ആ വ്യക്തിക്കോ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കോ ഒഴികെ മറ്റാര്‍ക്കും കാണാന്‍കഴിയില്ല. പ്രവര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റില്‍ പ്രൊഫൈലുണ്ടാക്കേണ്ട. ഗൂഗിളിലും മറ്റും വാട്സ് ആപ്പ് സന്ദേശങ്ങളോ പ്രൊഫൈലുകളോ പ്രത്യക്ഷപ്പെടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരുപരിധിയില്‍ കൂടുതല്‍ പേടിക്കേണ്ടെന്നതും ഈ സ്വകാര്യതയുമാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍ വാട്സ് ആപ്പിനെ പ്രചാരണായുധമായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച മുഖ്യഘടകം.

ഡല്‍ഹിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലുമൊക്കെ വാട്സ് ആപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഛത്തീസ്ഗഢിലും ബെറെയ്ലിയിലും ബി.ജെ.പി.യുടെ വാട്സ് ആപ്പ് പുത്തന്‍ തന്ത്രങ്ങള്‍ വാര്‍ത്തയായി. സരസമായ സന്ദേശങ്ങളിലൂടെ യുവാക്കളെ കൈയിലെടുക്കാമെന്നാണ് ബറെയ്യിലെ ബി.ജെ.പി. സൈബര്‍ യൂണിറ്റ് അഭിപ്രായപ്പെട്ടത്. ജോലിയും അഭിരുചിയും പ്രാദേശികഭേദവും അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകള്‍ തിരിച്ച് വാട്സ് ആപ്പ് ഉപയോക്താക്കളുടെ ഇടയിലേക്കിറങ്ങാനാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ശ്രമം.