നെറ്റിലും തിരഞ്ഞെടുപ്പ് ചൂട്





രാഷ്ട്രീയരംഗത്ത് ഓണ്‍ലൈന്‍ ആധിപത്യമുറപ്പിച്ച പുതിയ കാലത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ ഫെയ്‌സ്ബുക്കും ഗൂഗിളും വെറുതെയിരിക്കില്ല. സോഷ്യല്‍ മീഡിയയിലുള്ള കാക്കത്തൊള്ളായിരം അംഗങ്ങളും അതുപോലെ തന്നെ.

സോഷ്യല്‍ മീഡിയ നേതൃത്വം നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പോലെയല്ലെങ്കിലും 24.3 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയെ അങ്ങനെയങ്ങ് തള്ളിക്കളയാനാകില്ല. അതും ഓണ്‍ലൈന്‍ വഴി ആളേക്കൂട്ടി അഴിമതി വിരുദ്ധസമരവും, കൂട്ടബലാത്സംഗത്തിനെതിരേയുള്ള പ്രതിഷേധവും ഡല്‍ഹിയെ രണ്ടു തവണ പിടിച്ചുലച്ചതിനു ശേഷം ആദ്യം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍.

Facebook
ഫെയ്‌സ്ബുക്ക് ഇലക്ഷന്‍ ട്രാക്കര്‍ ആപ്ലിക്കേഷനാണ് ഏറ്റവും പുതിയ തരംഗം. www.facebook.com/FacebookIndia വഴിയോ ഗൂഗിള്‍ വഴിയോ ഇവിടെയെത്താം. പ്രമുഖ നേതാവിന്റെ തിരഞ്ഞെടുപ്പു വീഡിയോ കാണാം. ഒപ്പം ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമേതെന്ന് നമുക്ക് നിര്‍ദേശിക്കാം.

ഫെയ്‌സ്ബുക്കില്‍ മുന്‍നിരയിലുള്ള നേതാക്കളേക്കുറിച്ചും പാര്‍ട്ടികളേക്കുറിച്ചുമുള്ള പരാമര്‍ശങ്ങളുടെ തോത് അളക്കാനുള്ള ഏകകമാണ് ഈ ആപ് എന്നു പറയുന്നതാവും ശരി. ഭൂമികുലുക്കമളക്കാനുള്ള ഭൂകമ്പമാപിനി പോലെ. ഇതെഴുതുന്ന സമയത്ത് ആ പേജിന്റെ ഫെയ്‌സ്ബുക്ക് ലൈക്കുകളുടെ എണ്ണം 14 കോടിയിലേറെയാണ്.

ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കുന്ന, അതിലെ 'mentions' ന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഗ്രാഫും അവിടെക്കിട്ടും. അതുതന്നെയാണ് മുഖ്യ ആകര്‍ഷണം.

ചര്‍ച്ചകള്‍ക്കിടെ ഏറ്റവും കൂടുതല്‍ 'പരാമര്‍ശിക്കപ്പെട്ട' പാര്‍ട്ടിക്ക് കൂടുതല്‍ പ്രാധാന്യം എന്ന സാമാന്യ യുക്തിയുടെ അടിസ്ഥാനത്തിലുണ്ടാക്കിയതാണ് ആ തിരഞ്ഞെടുപ്പു മാപിനി. കഴിഞ്ഞ ഒരു ദിവസത്തെയോ ഒന്നിലേറെ ദിവസങ്ങളിലേയോ തിരഞ്ഞെടുപ്പു 'ട്രെന്‍ഡ്' അവിടെയറിയാം.

talks.facebooklive.com
ലെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് ലൈവ് ചര്‍ച്ച അരവിന്ദ് കെജ്‌രിവാളും, മമതാ ബാനര്‍ജിയും, അഖിലേഷ് യാദവും, ലാലു പ്രസാദ് യാദവും കടന്ന് മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. എന്‍.ഡി. ടി വിയുമായും, www.newslaundry.com മുമായും ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക് ഈ ചര്‍ച്ച സംഘടിപ്പിക്കുന്നത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന്റെ നിലയില്‍ വാര്‍ത്ത ഇടംനേടിയ പരിപാടിയാണിത്.

Google
ഫെയ്‌സ്ബുക്ക് കളത്തിലിറങ്ങുന്നതിനു മുമ്പ് കഴിഞ്ഞ വര്‍ഷം തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി ഗൂഗിള്‍ പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കിയിരുന്നു. ലിങ്ക് : http://www.google.co.in/elections/ed/in. നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പു വാര്‍ത്തകള്‍ അടുക്കിവെച്ച് നമുക്ക് തരുന്ന, ഗൂഗിള്‍ ന്യൂസിന്റെ മറ്റൊരു മുഖമാണിത്. തിരഞ്ഞെടുപ്പു വീഡിയോകള്‍ക്കു വേണ്ടി പ്രത്യേക വിഭാഗവും ഇതിലുണ്ട്.

കോണ്‍ഗ്രസ്, ബി.ജെ.പി, ബി.എസ്.പി, ഇടത്, ആം ആദ്മി പാര്‍ട്ടികളുടെ വാര്‍ത്തകളും, പ്രധാന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും തിരഞ്ഞെടുക്കാന്‍ ഇടതു 'സൈഡ് ബാറി'ല്‍ സൗകര്യമുണ്ട്.

വലതു 'സൈഡ് ബാറി'ല്‍ പ്രധാന തിരഞ്ഞെടുപ്പു പാര്‍ട്ടികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളും പ്രധാന ഗവേഷണ സ്ഥാപനങ്ങളുടേയും മറ്റും വെബ്‌സൈറ്റുകളും ചേര്‍ത്തിട്ടുണ്ട്. തിരഞ്ഞെടുപ്പു പട്ടികയില്‍ പേരു ചേര്‍ക്കുന്നതടക്കം അടിസ്ഥാനവിവരങ്ങളും ഈ സൈറ്റിലുണ്ട്