റബര്‍ തോട്ടത്തിലെ മണ്‍പൊത്തില്‍ മുട്ടയിട്ട്‌ അടയിരുന്ന മൂര്‍ഖന്‍



റബര്‍ തോട്ടത്തിലെ മണ്‍പൊത്തില്‍ മുട്ടയിട്ട്‌ അടയിരുന്ന മൂര്‍ഖന്‍ പാമ്പിനെ വാവ സുരേഷ്‌ കൂട്ടിലാക്കി. ചൊവ്വാഴ്‌ച രാവിലെ പത്തോടെ കുമാരമംഗലം വടക്കേതൊട്ടില്‍ ബിജു തോമസിന്റെ പുരയിടത്തില്‍നിന്നാണു മൂര്‍ഖനെയും 26 മുട്ടയും കണ്ടെടുത്തത്‌. ബിജുവിന്റെ റബര്‍ തോട്ടത്തിലെ മണ്‍പൊത്തില്‍ താമസമാക്കിയ മൂര്‍ഖന്‍ കഴിഞ്ഞ ദിവസം റബര്‍ ടാപ്പിങ്ങുകാരെ ഓടിച്ചതോടെയാണു വാവാ സുരേഷിന്റെ സഹായം തേടിയത്‌. ബിജു വിളിച്ചറിയിച്ചതനുസരിച്ച്‌ തിങ്കളാഴ്‌ച രാത്രി തൊടുപുഴയിലെത്തിയ സുരേഷ്‌ ചൊവ്വാഴ്‌ച രാവിലെ കുമാരമംഗലത്തെത്തി. ആദ്യം പാമ്പിന്റെ താവളം കണ്ടെത്തി പൊത്തിലെ മണ്ണിടിച്ച്‌ ആദ്യം മുട്ടകള്‍ ഓരോന്നായി പുറത്തെടുത്തു. തുടര്‍ന്നു നിമിഷനേരം കൊണ്ടു നാട്ടുകാരെ സ്‌തബ്‌ധരാക്കി പാമ്പിനേയും പൊക്കിയെടുത്തു. പാമ്പിന്‌ ഏഴടി നീളവും എട്ടേമുക്കാല്‍ കിലോ തൂക്കവും ഉണ്ടായിരുന്നു. തുടര്‍ന്ന്‌ ഇതിനെ പ്ലാസ്റ്റിക്‌ ടിന്നിലാക്കുകയായിരുന്നു. മുട്ടം വനംവകുപ്പ്‌ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന്‌ ഇവരെത്തി പാമ്പിനേയും മുട്ടയും ഏറ്റുവാങ്ങി. ഇതിനെ പിന്നീട്‌ കുളമാവ്‌ വനത്തില്‍ തുറന്നുവിട്ടു. കഴിഞ്ഞമാസമാണു വാവ സുരേഷ്‌ മുള്ളരിങ്ങാടുനിന്ന രണ്ടു രാജവെമ്പാലയെ പിടികൂടി വനംവകുപ്പ്‌ അധികൃതര്‍ക്ക്‌ കൈമാറിയത്‌.