ടിപ്പര്‍ ലോറികളുടെ നിരോധന


ടിപ്പര്‍ ലോറികളുടെ നിരോധന 


കല്ലറ: ടിപ്പര്‍ ലോറികളുടെ നിരോധന സമയം പുനഃസ്‌ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ കല്ലറ സെന്റ്‌ തോമസ്‌ െഹെസ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും സംയുക്‌തമായി കല്ലറ-വെച്ചൂര്‍ റോഡില്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞു. ജില്ലാ കലക്‌ടര്‍, ജില്ലാ പോലീസ്‌ മേധാവി, കടുത്തുരുത്തി സി.ഐ. എന്നിവര്‍ക്കു പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണു പ്രതിഷേധവുമായി നിരത്തിലിറങ്ങിയതെന്നു വിദ്യാര്‍ഥികളും അധ്യാപകരും പറഞ്ഞു. കുട്ടികള്‍ കാല്‍നടയായും െസെക്കിളിലും ബസിലുമാണ്‌ സ്‌കൂളിലെത്തുന്നത്‌.
ടിപ്പറുകളുടെ മരണപ്പാച്ചില്‍ കുട്ടികളുടെ ജീവനു ഭീഷണി ഉയര്‍ന്നതോടെയാണ്‌ അധികാരികള്‍ക്കു പരാതി നല്‍കിയത്‌. നേരത്തെ രാവിലെ ഒമ്പതു മുതല്‍ പത്തു വരെയായിരുന്നു ടിപ്പറുകള്‍ക്കു നിരോധനം ഏര്‍പെടുത്തിയത്‌. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ രാവിലെ 8.30 മുതല്‍ 9.30 വരെയായി സമയം പുന:ക്രമീകരിച്ചതോടെയാണു വിദ്യാര്‍ഥികള്‍ക്കു ടിപ്പറുകള്‍ ഭീഷണിയായത്‌. നഗരങ്ങളില്‍ സ്‌കൂളുകളുടെ സമയം രാവിലെ അര മണിക്കൂര്‍ നേരത്തെ ആരംഭിക്കുമെന്നതു ചൂണ്ടി കാണിച്ചാണു സമയം പുന:ക്രമീകരിച്ചത്‌. എന്നാല്‍ പുതിയ സമയക്രമം വേണ്ടെന്നും പഴയ സമയം തന്നെ മതിയെന്നുമാണു സമരക്കാരുടെ ആവശ്യം.
നഗരപ്രദേശങ്ങളില്‍ ഓടുന്ന ഭാരവണ്ടികള്‍ക്കു സമയക്രമം മാറ്റിക്കൊടുത്തതു ഗ്രാമപ്രദേശത്തും ഏതു സമയത്തും ഓടാനുള്ള െലെസന്‍സായി ടിപ്പര്‍, ടോറസ്‌ വാഹനക്കാര്‍ വ്യാഖ്യാനിച്ചിരിക്കുകയാണെന്നു സമരക്കാര്‍ ആരോപിച്ചു. ഭാരവാഹനങ്ങളുടെ സമയക്രമം പുനഃക്രമീകരിച്ച്‌ കുട്ടികള്‍ക്കു സുരക്ഷിതമായി സ്‌കൂളില്‍ പോയ്‌വരാനുള്ള സൗകര്യം ഏര്‍പെടുത്താന്‍ അധികൃതര്‍ തയാറാകണമെന്നും ഇനിയും ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളിലും സമരം തുടരുമെന്നും പി.ടി.എ പ്രസിഡന്റ്‌ മധുസൂദനനും െവെസ്‌ പ്രസിഡന്റ്‌ ജോയി മാത്യൂവും പറഞ്ഞു.