ആയുര്‍വേദ ചികിത്സ ഇനി ഇന്റര്‍നെറ്റിലൂടെ





കൊച്ചി. തിരക്കേറിയ ജീവിതത്തില്‍ ആവശ്യമായവര്‍ക്ക് ആയുര്‍വേദ ചികിത്സ ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുകയാണ് ഒരു സംഘം ആയുര്‍വേദ ഡോക്ടര്‍മാര്‍. പരമ്പരാഗത ചികില്‍സാരീതികളില്‍ നിന്നും വ്യതിചലിക്കാതെ ഓരോ രോഗികളുടെയും പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിച്ചാണ് ചികിത്സാവിധികള്‍ നിശ്ചയിക്കുന്നത്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'സിബലെ ഹെര്‍ബല്‍ ലബോറട്ടറീസിന്റെ 'നേച്ചര്‍വെല്‍ ചികിത്സാപദ്ധതിയാണ് നൂതനമായ ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറയുന്നതനുസരിച്ചുള്ള ചികിത്സയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ഇതില്‍ പങ്കാളിയാകുന്നവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഇന്റര്‍നെറ്റുവഴി ഉപദേശിച്ചു മരുന്ന് വീട്ടില്‍ നേരിട്ടെത്തിച്ചു നല്‍കിയും ഒരു വര്‍ഷം നീളുന്ന ചികിത്സാ പദ്ധതിയില്‍ സമ്പൂര്‍ണ രോഗവിമുക്തിയാണ് ഉറപ്പു നല്‍കുന്നത്.

ആയുര്‍വേദ ചികിത്സയിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യം പൂര്‍ണ തോതില്‍ വീണ്ടെടുക്കാന്‍ കുറഞ്ഞത് 6 മണിക്കൂറെങ്കിലും നീളുന്ന രോഗിയും ഡോക്ടറും തമ്മിലുള്ള കൂടിക്കാഴ്ച ആവശ്യമാണ്. എന്നാല്‍ ഇപ്പോഴത്തെ തിരക്കേറിയ ജീവിതാവസ്ഥയില്‍ പലര്‍ക്കും അതു സാധിക്കാത്ത സാഹചര്യത്തിലാണ് നേച്ചര്‍വെല്‍ അവതരിപ്പിക്കപ്പെടുന്നതെന്ന് സിബ-ലെ സി.ഇ.ഒ  പി. എന്‍ ബല്‍റാം പറഞ്ഞു.

ഇതിനായി തയാറാക്കിയിട്ടുള്ള പോര്‍ട്ടലിലെ() 20 ചോദ്യങ്ങള്‍ക്ക് രോഗി ഇ-മെയില്‍ വഴി നല്‍കുന്ന മറുപടി വിശകലനം ചെയ്താണ് ഒരു വര്‍ഷത്തേക്കു പടിപടിയായുള്ള ചികിത്സാരീതികള്‍ നിശ്ചയിക്കുന്നത്. രോഗിയുടെ സ്വഭാവ സവിശേഷതകളും ജീവിത രീതിയും ജീവിതാന്തരീക്ഷവും പാരമ്പര്യവും മറ്റുള്ളവരോടുള്ള സമ്പര്‍ക്കവും ഉള്‍പ്പെടെ അനവധി കാര്യങ്ങള്‍ മനസിലാക്കി മാത്രമേ ഒരാള്‍ക്ക് ചികിത്സ വിധിക്കാനാവുകയുള്ളൂവെന്നും അതിനുവേണ്ടി ഡോക്ടറുമായി നേരിട്ട് മുഖാമുഖം സാധ്യമാകാത്തവര്‍ക്കാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. രോഗിയെപ്പറ്റി പൂര്‍ണമായി മനസിലാക്കാനുതകുന്ന ചോദ്യാവലിയാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്.

14 വര്‍ഷം കൊണ്ട് ഒരു സംഘം വിദഗ്ധര്‍ യോഗ ഉള്‍പ്പെടെ ആയുര്‍വേദ ഗ്രന്ഥങ്ങളിലെ 1,18,000ത്തില്‍പരം പേജുകള്‍ ക്രോഡീകരിച്ചാണ് 'നേച്ചര്‍വെല്‍ സാധ്യമാക്കിയത്. മാനസികവും ശാരീരികവും ആത്മീയവുമായ സന്തുലിതാവസ്ഥയ്ക്ക് ഒരു ചികിത്സാക്രമം ആവശ്യമാണെന്നും ആയുര്‍വേദം രോഗചികിത്സയിലുപരി രോഗം വരാതിരിക്കാനാണ് ശ്രദ്ധിക്കുന്നതെന്നും ബല്‍റാം പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എന്‍ഡോക്രിനോളജിസ്റ്റ് ആര്‍. വി. ജയകുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ 1999 ല്‍ തുടങ്ങിയ പ്രയത്നമാണിത്. 2010 ല്‍ ഇവയുടെ രേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് അമേരിക്കന്‍ സംഘമായ നാച്വറല്‍ സൊലൂഷന്‍ ഫൌണ്ടേഷന്‍ (എന്‍.എസ്.എഫ്) ഇവയെല്ലാം കൂട്ടിച്ചേര്‍ത്തുള്ള സോഫ്റ്റ് വെയര്‍ നിര്‍മിക്കുകയുമായിരുന്നു. എന്‍. എസ്. എഫുമായി ചേര്‍ന്ന് സിബലെ യു. എസ്. എ യില്‍ നേച്ചര്‍വെല്‍ അവതരിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമാണ്. പ്രത്യേകിച്ച് അമേരിക്കയില്‍ നിന്ന് പദ്ധതിക്കു ലഭിച്ചതെന്ന് സി ഇ ഒ പറഞ്ഞു.

'രസായനത്തെ അടിസ്ഥാനമാക്കി 3 മാസം വീതം നീളുന്ന 4 ഘട്ടങ്ങളായിട്ടാണ് ഒരു വര്‍ഷത്തെ ചികിത്സാരീതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ആദ്യഘട്ടം ശരീരത്തിന് ശക്തിയും പുഷ്ടിയും ഉണ്ടാക്കാനും 2-ാംഘട്ടം മനസിനെ ക്രമീകരിക്കാനുമാണ് ശ്രമിക്കുന്നത്. ഇന്ദ്രിയ ഉണര്‍വിനും സന്തുലനത്തിനും 3-ാം ഘട്ടം ഉപയോഗിക്കുമ്പോള്‍ ഊര്‍ജത്തിന്റെ വീണ്ടെടുപ്പാണ് അവസാനഘട്ടത്തിലുള്ളത്.

ഒരു വ്യക്തി ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുമ്പോള്‍ വരെയുള്ള എല്ലാ കാര്യങ്ങളെയും കൃത്യമായ രീതിയില്‍ നിയന്ത്രിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നതെന്ന് ബല്‍റാം പറഞ്ഞു. വ്യക്തി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക. ഇത് കൃത്യമായി പാലിച്ചാല്‍ വ്യക്തിപരമായ ആരോഗ്യത്തില്‍ പുരോഗമനം ഉറപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2-ാം ഘട്ടത്തില്‍ മാനസികാരോഗ്യത്തിനുതകും വിധത്തില്‍ ഊര്‍ജത്തിന്റെ സംഭരണശാലയായി മനസിനെ പരിഗണിച്ചുള്ള ചികിത്സാരീതിയാണ് അവലംബിക്കുക. സ്ട്രെസ്, ടെന്‍ഷന്‍, ഉറക്കപ്രശ്നങ്ങള്‍, ശ്രദ്ധയുമായി ബന്ധപ്പെട്ട കുഴപ്പങ്ങള്‍, അലസത തുടങ്ങിയ വിഷയങ്ങളാണ് ഈ ഘട്ടത്തില്‍ കൈകാര്യം ചെയ്യുക.

ഇന്ദ്രീയങ്ങളിലൂന്നിയുള്ള മൂന്നാം ഘട്ടത്തില്‍ സൌന്ദര്യവര്‍ധക വസ്തുക്കള്‍, നിറങ്ങള്‍, സുഗന്ധ തൈലങ്ങള്‍ തുടങ്ങിയവ നല്‍കുന്ന ഇന്ദ്രിയാനുഭൂതികളെയാണ് പരിഗണിക്കുന്നത്. അവസാനഘട്ടത്തില്‍ രോഗിയുടം സര്‍ഗ്ഗാത്മകത, ഒളിഞ്ഞു കിടക്കുന്ന കഴിവുകള്‍, വ്യക്തിപരമായ ഉല്‍പാദനക്ഷമത, പ്രത്യക്ഷോര്‍ജ്ജം, കഴിവുകളുടെ വികസനം, വിജയത്തിനുള്ള ഘടകങ്ങള്‍ തുടങ്ങിയവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ബല്‍റാം പറഞ്ഞു.

പ്രമേഹത്തിനും ആര്‍ത്രോസ്ക്ലിറോസിസിനുമുള്ള 2 ഔഷധങ്ങള്‍ സിബലെ ഇപ്പോള്‍തന്നെ നിര്‍മിച്ചു വില്‍പന നടത്തുന്നുണ്ട്. കമ്പനി 1998 ല്‍ പുറത്തിറക്കിയ കോഗെന്റ് ഡിബി പ്ലസ് എന്ന ഔഷധം പാന്‍ക്രിയാസിലെ ദ്രവിച്ച ബീറ്റാഷെല്ലുകള്‍ പുനഃസൃഷ്ടിക്കാന്‍ ഉതകുന്നുണ്ടെന്ന് തൃശൂര്‍ അമല ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പഠനത്തില്‍ വ്യക്തമായിരുന്നു.

സിബലെയുടെ ആര്‍ത്രോസ്ക്ളിറോസിസിനുള്ള ഔഷധമായ ലിപോനില്‍, കോളസ്ട്രോളിനെ കുറച്ച് ഹൃദ്രോഗ കാരണമായ ഹൃദയധമനികളിലെ ബ്ളോക്കുകള്‍ നീക്കം ചെയ്യുമെന്ന് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.