പറുദീസയിലേക്ക് എരുമപ്ര വഴി

ഇലപ്പള്ളി സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളിയിലെ വികാരി ബിജു കെ. തോമസ് മരവേരും പനങ്കുറ്റിയും ഉപയോഗിച്ചു പൂക്കൂട നിര്‍മിക്കുന്നു.

രണ്ടുവര്‍ഷം മുന്‍പാണു സംവിധായകന്‍ ആര്‍. ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ‘പറുദീസ” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മേലുകാവിനു സമീപം എരുമപ്രയിലെത്തുന്നത്. സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റുന്ന വേറിട്ട തരം കസേരകള്‍ തപ്പിനടന്ന സംഘം ഒടുവില്‍ എരുമപ്ര സെന്റ് പീറ്റേഴ്സ് സിഎസ്ഐ ചര്‍ച്ചിലുമെത്തി. മരവേരുകളിലും പനങ്കുറ്റികളിലും അദ്ഭുതം സൃഷ്ടിക്കുന്ന വികാരി ബിജു കെ. തോമസിനെ കണ്ടത് അവര്‍ക്കു വഴിത്തിരിവായി.

സാമൂഹിക പ്രവര്‍ത്തനത്തിനൊപ്പം ക്രിക്കറ്റ് ഭ്രാന്തും തലയ്ക്കുപിടിച്ച ഒരു ജനകീയനായ അച്ചന്റെ കഥ പറയാനെത്തിയ സംവിധായകനും തിരക്കഥാകൃത്തും കഥ തിരുത്തി. ചിത്രത്തിലെ ജനകീയനായ അച്ചന്റെ ക്രിക്കറ്റ് ഭ്രാന്തിനു പകരം കഥയായത് വേരിലും മരക്കുറ്റികളിലും അലങ്കാരവസ്തുക്കളും ഫര്‍ണിച്ചറുണ്ടാക്കുന്ന റവ. ബിജു കെ. തോമസിന്റെ അപൂര്‍വ വ്യക്തിത്വം. സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം മാത്രം ഈ വൈദികന്‍ സ്വീകരിച്ചില്ല.

റവ. ബിജു കെ. തോമസ് ഇന്ന് ഇലപ്പള്ളി സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളിയിലെ വികാരിയാണ്. പക്ഷേ, ഒന്നും പാഴ്വസ്തുക്കളല്ലെന്ന അച്ചന്റെ ആദര്‍ശം ഇന്നും മാറ്റമില്ലാതെ തുടരുന്നു.

വേരില്‍നിന്ന് എത്രയെത്ര വിദ്യകള്‍!പത്താം ക്ളാസില്‍  പഠിക്കുമ്പോള്‍ ഒരു ചെമ്പരത്തി വേരില്‍ നിന്നു ലഭിച്ചതാണു വേരുകളില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രചോദനം. മരവേരുകളോടുള്ള പ്രേമം പിന്നീടു പനങ്കുറ്റികളോടായി. അച്ചന്റെ കരവിരുതില്‍ പനങ്കുറ്റികളില്‍ നിന്നു സ്റ്റൂളും പാത്രങ്ങളുമെല്ലാം
രൂപപ്പെട്ടു. മരക്കുറ്റികൊണ്ടു ബാലരമയിലെ കഥാപാത്രങ്ങളായ കുട്ടൂസന്റെയും ഡാകിനിയുടെയും രൂപത്തില്‍ കസേരകള്‍ നിര്‍മിച്ചത് ഏറെപ്പേരെ ആകര്‍ഷിച്ചു. നാളിതുവരെ പൂച്ചട്ടിയടക്കം നിരവധി അലങ്കാരവസ്തുക്കളുണ്ടാക്കിയെങ്കിലും ഒന്നും വിറ്റിട്ടില്ല. കണ്ടു കൌതുകം തോന്നിയ സുഹൃത്തുക്കള്‍ ഇവയില്‍ പലതും കൈക്കലാക്കിയെന്നു മാത്രം.

വൈവിധ്യമുള്ള പണിയായുധങ്ങളൊന്നും റവ. ബിജുവിനു കൂട്ടായില്ല. കയ്യില്‍ കിട്ടുന്ന കമ്പിയും പിക്കാസും എല്ലാം ഇദ്ദേഹത്തിനു പണിയായുധങ്ങളാകും. പരിശ്രമങ്ങള്‍ക്കെല്ലാം തുണയായുള്ളതു ഭാര്യ മെറീനയും മക്കള്‍ റസീലയൂം റെനിറ്റയും.
Tag -Malayalamanorama