എങ്ങനെ വോട്ട് ചെയ്യാം ?

 വോട്ടര്‍പ്പട്ടികയില്‍ പേരുള്ളവരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന തിരിച്ചറിയല്‍ രേഖയുള്ളവരുമായ എല്ലാവര്‍ക്കും വ്യാഴാഴ്ച രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണിവരെ അവരുടെ വോട്ടുകള്‍ രേഖപ്പെടുത്താം.

* പോളിങ് ബൂത്തും ക്രമനമ്പറും വോട്ടര്‍പ്പട്ടിക നോക്കി മുന്‍കൂട്ടി മനസ്സിലാക്കിവേണം പോളിങ് സ്റ്റേഷനിലെത്താന്‍. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന വോട്ടേഴ്‌സ് സ്ലിപ്പ് വിനിയോഗിക്കാം. വോട്ടേഴ്‌സ് സ്ലിപ്പ് ലഭിക്കാത്തവര്‍ക്ക് പോളിങ് ദിവസം ബൂത്തുകളില്‍ സജ്ജമാക്കുന്ന ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി സ്ലിപ്പ് വാങ്ങാം.

* വോട്ടുചെയ്യാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇത് ഇല്ലാത്തവര്‍ക്ക് കമ്മീഷന്‍ അനുവദിച്ചിട്ടുള്ള പകരംരേഖകള്‍ ഹാജരാക്കി വോട്ടു ചെയ്യാം. എന്നാല്‍, ഇതിന് ഒരു സത്യവാങ്മൂലം വിരലടയാളം പതിച്ച് നല്‍കണം. ഇതിനുള്ള ഫോറം ബൂത്തുകളില്‍ ലഭിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍ വീട്ടിലെത്തിക്കുന്ന വോട്ടേഴ്‌സ് സ്ലിപ്പ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, ഫോട്ടോപതിച്ച ബാങ്ക് പാസ്ബുക്ക്, തൊഴിലുറപ്പ് കാര്‍ഡ് തുടങ്ങിയവയാണ് പകരം രേഖകള്‍.

* പോളിങ് സ്റ്റേഷനകത്തേക്കുള്ള പ്രവേശനം വരിയായി മാത്രമേ അനുവദിക്കൂ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വികലാംഗര്‍ക്കും പ്രത്യേകം വരികള്‍ ഉണ്ടായിരിക്കും. കൈക്കുഞ്ഞുമായി വരുന്ന അമ്മമാര്‍ക്കും പരിഗണനയുണ്ടായിരിക്കും.

* പോളിങ് സ്റ്റേഷനില്‍ പ്രവേശിച്ച ഉടന്‍, പോളിങ് ഓഫീസര്‍ ഇലക്ടറല്‍ റോളില്‍നിന്ന് വോട്ടറുടെ പേരുവിവരങ്ങള്‍ കണ്ടെത്തുകയും അവ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യും. ഈസമയം വോട്ടര്‍മാര്‍ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖ കൈയില്‍ കരുതണം. പോളിങ് ഓഫീസര്‍ പോളിങ് ഏജന്റുമാര്‍ കേള്‍ക്കത്തക്കവിധം ഉച്ചത്തില്‍ വോട്ടറുടെ പേരും ക്രമനമ്പറും പറയും.

* രണ്ടാമത്തെ പോളിങ് ഓഫീസര്‍ പേരും നമ്പറും പരിശോധിച്ച് ഇടത് ചൂണ്ടുവിരലില്‍ വോട്ടു ചെയ്തതിന്റെ സൂചകമായുള്ള മഷി പുരട്ടും. ഈ സമയം വോട്ടര്‍ നിര്‍ദിഷ്ടസ്ഥലത്ത് ഒപ്പിടണം. വിരലടയാളം രേഖപ്പെടുത്തുകയും ചെയ്യാം. രണ്ടാം പോളിങ് ഓഫീസര്‍ ഒപ്പിട്ട വോട്ടര്‍സ്ലിപ്പ് നല്‍കും.

* മൂന്നാമത്തെ പോളിങ് ഓഫീസറുടെ അടുത്ത് വോട്ടര്‍സ്ലിപ്പ് കൈമാറിയാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വോട്ടിങ് രേഖപ്പെടുത്തുന്നതിനായി സജ്ജമാക്കും. അതിനുശേഷം വോട്ടിങ് മെഷീനുള്ള ഭാഗത്തേക്ക് പോകാന്‍ നിര്‍ദേശം ലഭിക്കും.

* സ്ഥാനാര്‍ഥികള്‍ക്ക് നേരേയുള്ള നീല ബട്ടണ്‍ ആണ് വോട്ടിങ് രേഖപ്പെടുത്തുന്നതിനായി അമര്‍ത്തേണ്ടത്. ഒരു പ്രാവശ്യം മാത്രമേ ബട്ടണ്‍ അമര്‍ത്താവൂ. ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ചുവന്ന ബള്‍ബ് പ്രകാശിക്കുകയും 'ബീപ്പ്' ശബ്ദം കേള്‍ക്കുകയും ചെയ്യും. ഇതോടെ വോട്ടിങ് പൂര്‍ണമാവും.

* വോട്ടിങ് യന്ത്രത്തിന് മുന്നിലെത്തിയാല്‍പോലും വോട്ട് ചെയ്യുന്നില്ലെന്ന് തീരുമാനിച്ച് മടങ്ങാനുള്ള അവകാശം നിയമം അനുശാസിക്കുന്നുണ്ട്. ഇങ്ങനെ ആരെങ്കിലും മടങ്ങാന്‍ തുടങ്ങിയാല്‍ ഈ വിവരം പോളിങ് സ്റ്റേഷനിലെ പ്രിസൈഡിങ് ഓഫീസറെ അറിയിക്കണം. രണ്ടാമത്തെ പോളിങ് ഓഫീസര്‍ നല്‍കിയ വോട്ടേഴ്‌സ് സ്ലിപ്പ് പ്രിസൈഡിങ് ഓഫീസര്‍ തിരിച്ചുവാങ്ങി അവിടെയുള്ള രജിസ്റ്ററില്‍ വോട്ടിങ് നിഷേധിക്കുന്ന വിവരം രേഖപ്പെടുത്തും.

എസ്.എം.എസിലൂടെ ബൂത്ത് വിവരങ്ങള്‍ അറിയാം

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലെ സീരിയല്‍ നമ്പര്‍ എസ്.എം.എസ് സന്ദേശമായി അയച്ചാല്‍ സമ്മതിദായകന്റെ പോളിങ് സ്റ്റേഷന്‍ സംബന്ധമായ എല്ലാവിവരങ്ങളും ലഭിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ELE(space) എന്ന് ടൈപ്പ് ചെയ്ത ശേഷം 54242 എന്ന നമ്പറിലേക്കോ 537252 എന്ന നമ്പറിലേക്കോ സന്ദേശമയക്കണം.