വൈദ്യുതി നിരക്ക് വോള്‍ട്ടേജ് അടിസ്ഥാനത്തില്‍

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വോള്‍ട്ടേജ് അടിസ്ഥാനത്തില്‍ നിര്‍ണയിക്കാനുള്ള നിര്‍ദ്ദേശത്തെക്കുറിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു.

ഭാവിയില്‍ വ്യാവസായിക ഉപഭോക്താക്കള്‍ക്ക് നിരക്ക് കുറയാനും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് താരതമ്യേന കൂടാനും ഇടയാക്കുന്ന നിര്‍ദ്ദേശമാണിത്. എന്നാല്‍ വര്‍ധന വരാത്തവിധമുള്ള നിര്‍ദ്ദേശമാണ് വൈദ്യുതിബോര്‍ഡ് നല്‍കിയിരിക്കുന്നത്. അഭിപ്രായ രൂപവത്കരണത്തിനുശേഷം കമ്മീഷന്‍ അംഗീകരിച്ചാലേ ഇത് നടപ്പാവൂ. 

വ്യാവസായിക ഉപഭോക്താക്കളുടെ അപ്പീലിന്‍മേല്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അപ്പലേറ്റ് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് വൈദ്യുതി ബോര്‍ഡ് ഇതിനുള്ള നിര്‍ദ്ദേശം തയാറാക്കിയത്. 

ഇതുവരെ വൈദ്യുതി ബോര്‍ഡിന് ഒരു യൂണിറ്റ് വൈദ്യുതി വിതരണം ചെയ്യുമ്പോഴുണ്ടാവുന്ന ചെലവിന്റെയും ഏതുവിഭാഗത്തിനാണ് എന്നതിന്റെ അടിസ്ഥാനത്തിലുമാണ് നിരക്ക് നിശ്ചയിച്ചിരുന്നത്. അതായത് വീട്ടുപയോഗം, കൃഷി എന്നിവയ്ക്ക് കുറഞ്ഞനിരക്കും വാണിജ്യ, വ്യവസായ ആവശ്യങ്ങള്‍ക്ക് കൂടിയനിരക്കുമാണ് ഈടാക്കുന്നത്. ഇതിനെതിരെയാണ് എച്ച്.ടി, ഇ.എച്ച്.ടി അസോസിയേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഓരോ നിശ്ചിത വോള്‍ട്ടേജിലും വൈദ്യുതി എത്തിക്കാനുള്ള ചെലവ് കണക്കാക്കിയുള്ള നിരക്കുംകൂടി കണക്കാക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. അതായത് വ്യവസായത്തിനും വാണിജ്യത്തിനും ഉന്നത വോള്‍ട്ടേജിലുള്ള വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ഇതിന് പ്രസരണനഷ്ടം കുറവായിരിക്കും. അപ്പോള്‍ വിതരണത്തിനുള്ള ചെലവ് കുറയും. സ്വാഭാവികമായും നിരക്കും കുറയും. എന്നാല്‍ താഴ്ന്ന വോള്‍ട്ടേജില്‍ പ്രസരണ നഷ്ടം കൂടുകയും ബോര്‍ഡിന്റെ ചെലവ് കൂടുകയും ചെയ്യും. ഇത് നിരക്ക് കൂടാന്‍ ഇടയാവും. രാജ്യത്ത് ആന്ധ്രാപ്രദേശില്‍ മാത്രമാണ് ഈ രീതി ഭാഗികമായി നടപ്പാക്കിയിട്ടുള്ളത്. 

18 ന് രാവിലെ 11 ന് കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ് തെളിവെടുപ്പ്. നിര്‍ദ്ദേശത്തിന്റെ വിശദാംശങ്ങള്‍ www.erckerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.