ഗേറ്റ്: അനുവിന് ഏഴാം റാങ്ക്, പത്താം റാങ്ക് റോണിന്‌




കോട്ടയം: ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്(ഗേറ്റ്) പരീക്ഷയില്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പഌനിങ് വിഭാഗത്തില്‍ അനു കെ.സോമന് ഏഴാം റാങ്ക്. ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ റോണ്‍ ജോസഫിന് പത്താം റാങ്കുണ്ട്. കൊല്ലം ടി.കെ.എം. എന്‍ജിനിയറിങ് കോളേജിലെ ബി.ആര്‍ക് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് അനു കെ.സോമന്‍. പരീക്ഷ വളരെ ബുദ്ധിമുട്ടായതിനാല്‍ ജയംേപാലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് പരീക്ഷാഫലവും നോക്കിയില്ല. വെള്ളിയാഴ്ച രാവിലെ ചങ്ങാതിമാര്‍ക്കൊപ്പം വെറുതെയൊന്ന് നോക്കിയപ്പോഴാണ് റാങ്ക് വിവരം അറിഞ്ഞത്.

പഠനത്തിന് കോളേജില്‍നിന്നുള്ള സഹായമല്ലാതെ കോച്ചിങ്ങിനെ ആശ്രയിച്ചിട്ടില്ല. എം.ആര്‍ക്കോ എം.പഌനിങ്ങോ എടുത്ത് നല്ലൊരു ആര്‍ക്കിടെക്റ്റ് ആകണമെന്നാണ് ആഗ്രഹം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോട്ടയം ജില്ലാ ഓഫീസിലെ അസിസ്റ്റന്റ് എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍ കുമാരനല്ലൂര്‍ കുന്നുംപുറത്ത് കെ.എസ്.സോമന്റെയും സതിയുടെയും മകളാണ് അനു.

തൊടുപുഴ നെയ്യശ്ശേരി നെല്ലിയാട്ട് റോണ്‍ ജോസഫിന് ഇരുപത്തിമൂന്നാം പിറന്നാള്‍ദിനത്തില്‍ ലഭിച്ച സമ്മാനം മറക്കാനാവാത്തതായി. മുമ്പിലുള്ള ഒന്‍പതുപേരും കേരളത്തിനു പുറത്തുനിന്നുള്ളവരായതിനാല്‍ ഫലത്തില്‍ സംസ്ഥാനതലത്തിലെ ഒന്നാം റാങ്കാണിത്.

കര്‍ഷകദമ്പതിമാരായ എന്‍.വി.ജോസഫിന്റെയും മോളി ജോസഫിന്റെയും മകനായ റോണ്‍ കോച്ചിങ് സെന്ററുകളെ ആശ്രയിക്കാതെ സ്വയം പഠിച്ചാണ് മികച്ച വിജയം കൊയ്തത്. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്ന് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ ബിരുദം നേടി. ഐ.ബി.എമ്മില്‍ ജോലി ലഭിച്ചെങ്കിലും വേണ്ടെന്നുവച്ചാണ് ഗേറ്റ് പരീക്ഷയ്ക്കായി തയ്യാറെടുപ്പ് നടത്തിയത്. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍(ബാര്‍ക്ക്) ഗവേഷണം നടത്തണമെന്നാണ് റോണിന്റെ ആഗ്രഹം.