ഡ്രൈവറില്ലാത്ത കാറുകള്‍


ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാറുകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് 2020 ല്‍ ഇത്തരം കാറുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളുടെ ഉറപ്പ്. ജനറല്‍ മോട്ടേഴ്‌സ്, മെഴ്‌സഡിസ് ബെന്‍സ്, ഔഡി, ബി.എം.ഡബ്ലിയു, നിസ്സാന്‍ കമ്പനികളാണ് 2020 ല്‍ പൂര്‍ണ്ണമായും സ്വയം ഓടുന്ന കാറുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി പരീക്ഷണ ഓട്ടങ്ങള്‍ നടത്തി വിജയിച്ച ഈ കാറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകാന്‍ ഇനി വെറും ഏഴു വര്‍ഷം മാത്രം കാത്തിരുന്നാല്‍ മതിയാകും.

ഡ്രൈവറില്ലാത്ത കാറുകള്‍ക്കായുള്ള ശ്രമങ്ങള്‍ 80 കളിലും 90 കളിലും തുടങ്ങിയിരുന്നെങ്കിലും 2010 ലാണ് വമ്പന്‍ കാര്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തത്. ബി.എം.ഡബ്ലിയു, ജനറല്‍ മോട്ടോഴ്‌സ്, ഫോര്‍ഡ്, മെഴ്‌സഡിസ്, ഫോക്‌സ് വാഗന്‍, ഔഡി, നിസ്സാന്‍, ടൊയോട്ട, വോള്‍വോ,കാഡിലാക് തുടങ്ങിയ വമ്പന്‍മാര്‍ ഇപ്പോള്‍ ഡ്രൈവറില്ലാത്ത കാറുകളുടെ പണിപ്പുരയിലാണ്. 2020 ആണ് ഇക്കാര്യത്തില്‍ എല്ലാ കമ്പനികളുടേയും ഡെഡ്‌ലൈന്‍.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലൈന്‍ അസിസ്റ്റ്, പാര്‍ക്കിങ്ങ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്/ വൈപ്പര്‍ തുടങ്ങി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി സംവിധാനങ്ങള്‍ കാറുകളില്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ് വെയറാണ് ഡ്രൈവറില്ലാത്ത കാറോടിക്കല്‍ സങ്കേതത്തിന് പിന്നില്‍. െ്രെഡവറുടെ സഹായം കൂടാതെ, ഒരു ഓട്ടോപൈലറ്റ് പോലെയാണ് ഇത് പ്രവര്‍ത്തിക്കുക. വീഡിയോ ക്യാമറകള്‍, റഡാര്‍ സെന്‍സറുകള്‍, ലേസര്‍ സങ്കേതം തുടങ്ങിയവയുടെ സഹായത്തോടെ ചുറ്റുപാടും നിരീക്ഷിച്ച്, ശരിയായ തീരുമാനങ്ങളെടുത്താണ് കാര്‍ സ്വയം െ്രെഡവ് ചെയ്യുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കുന്ന കമ്പനിയായ ഇറ്റലിയിലെ വിസ്‌ലാബ്‌സ് ഈ വര്‍ഷം ജൂലായില്‍ ഡ്രൈവറില്ലാത്ത കാറിന്റെ നൂറു ശതമാനം വിജയകരമായ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

മെഴ്‌സഡിസിന്റെ അടുത്ത വര്‍ഷം ഇറങ്ങുന്ന എസ്-ക്ലാസ് മോഡലിലും ബി.എം.ഡബ്ലിയുവിന്റെ ഐത്രി മോഡലിലും പൂര്‍ണ്ണമായിട്ടല്ലെങ്കിലും ഡ്രൈവറില്ലാതെ ഓടാനുള്ള സംവിധാനം ഓപ്ഷണലായി ഉണ്ടാകുമെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓട്ടോണമസ് സ്റ്റിയറിംഗ്, ലൈന്‍ ഗൈഡന്‍സ്, ആക്‌സിലറേഷന്‍, ബ്രേക്കിംഗ്, പാര്‍ക്കിംഗ് എന്നിവയാണ് ബെന്‍സിന്റെ വാഗ്ദാനം. ഇത്തരം കാറുകളില്‍ സിറ്റിയിലും ഹൈവേയിലും 200 കിലോമീറ്റര്‍ വേഗവും അവര്‍് ഉറപ്പ് നല്‍കുന്നുണ്ട്. വോള്‍വോയും ഇസ്രയേല്‍ കമ്പനിയായ മൊബില്‍ഐയും 2014 ല്‍ സെമി ഡ്രൈവര്‍ലെസ് കാറുകള്‍ ഇറക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.




2015 ല്‍ ഡ്രൈവര്‍ലെസ് ഓപ്ഷനുള്ള കാറുകളുമായി എത്തുമെന്ന് ഔഡിയും കാഡിലാക്കും നിസ്സാനും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പടി കൂടി കടന്ന് ഈ കാറുകളില്‍ സ്വയം പാര്‍ക്കിങ്ങും നിസ്സാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഇത്തരം കാറുകളുടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 2018 ല്‍ തങ്ങളുടെ കാറുകള്‍ നിരത്തിലിറങ്ങുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

2040 ഓടെ ലോകത്ത് ഓടുന്ന വാഹനങ്ങളുടെ 75 ശതമാനവും ഡ്രൈവറില്ലാത്ത കാറുകളായിരിക്കുമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയേഴ്‌സ് എന്ന സംഘടനയുടെ പഠനം സൂചിപ്പിക്കുന്നത്. വമ്പന്‍ കമ്പനികളുടെ പാത പിന്തുടര്‍ന്ന് ചെറുകിട കമ്പനികളും ഡ്രൈവര്‍ലെസ് കാറുകളുമായി എത്തുമെന്ന് പ്രതീക്ഷിക്കാം.